ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം
ഒമാനിൽ ചൊവ്വാഴ്ച മുതലായിരിക്കും വ്രതാരംഭം
ഗള്‍ഫിലും അയല്‍ അറബ് രാജ്യങ്ങളിലും തിങ്കളാഴ്ച റമദാന്‍ വ്രതാരംഭം. ശഅ്ബാന്‍ 29 ആയ ഇന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സൌദി സുപ്രീം കോടതി നാളെ റമദാന്‍ ഒന്നായി പ്രഖ്യാപിച്ചത്. അതേസമയം ഒമാനില്‍ ചൊവ്വാഴ്ചയാണ് റമദാന്‍ ആരംഭിക്കുക.
റിയാദിനടുത്തുള്ള സുദൈര്‍, ശഖ്റ തുടങ്ങിയ പ്രദേശങ്ങളില്‍ റമദാന്‍ മാസപ്പിറവി ദര്‍ശിച്ചുവെന്ന വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൌദി സുപ്രീംകോടതി റമദാന്‍ മാസാരംഭം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഇതര ഗള്‍ഫ്, അയല്‍ അറബ് രാജ്യങ്ങളിലും നാളെ വ്രതാരംഭമായി തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീംകോടതി നേരത്തെ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഗോളശാസ്ത്രത്തെ അവലംബിക്കുന്ന ഒമാനില്‍ ഞായറാഴ്ച മാസപ്പിറവി കാണാന്‍ സാധ്യതയില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ചയാണ് വ്രതാനുഷ്ഠാനം ആരംഭിക്കുകയെന്ന് മതകാര്യ വകുപ്പ് അറിയിച്ചു. വ്രതമാസത്തെ സ്വീകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തെ തന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. മക്ക, മദീന ഉള്‍പ്പെടെയുള്ള പ്രധാന മസ്ജിദുകളില്‍ റമാദാനില്‍ ലക്ഷണക്കിന് വിശ്വാസികളെത്തും. ഇവര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കുന്നതിനും നോമ്പ് തുറക്കുന്നതിനും വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കനത്ത വേനലിലാണ് ഇത്തവണ അറബ് മേഖയില്‍ റമദാന്‍ വിരുന്നെത്തുന്നത്. മിക്ക സ്ഥലങ്ങളിലും പകല്‍ 40 ഡിഗ്രിക്ക് മുകളിലാണ് ചൂട്. സൌദിയിലെ ചില പ്രദേശങ്ങളില്‍ ഇത് 50 ഡിഗ്രി വരെയെത്തും. കനത്ത ചൂടിലും ആത്മ സംസ്കരണത്തിന്റെ മാസത്തെ വിശ്വാസികള്‍ സ്വീകരിച്ചു കഴിഞ്ഞു.