കുവൈത്തില്‍ ഫിലിപ്പൈന്‍ യുവതി കസ്റ്റഡിയിലായ സംഭവത്തില്‍ എംബസിയുടെ ഇടപെടല്‍
അറസ്റ്റു സംബന്ധമായ വിശദ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ഫിലിപ്പൈന്‍ സ്ഥാനപതി റെനാറ്റോ പെദ്രോ വില്ല വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു
ഐഎസ് ബന്ധത്തിന്റെ പേരില്‍ കുവൈത്തില്‍ ഫിലിപ്പൈന്‍ യുവതി കസ്റ്റഡിയിലായ സംഭവത്തില്‍ എംബസ്സിയുടെ ഇടപെടല്‍ . അറസ്റ്റു സംബന്ധമായ വിശദ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ഫിലിപ്പൈന്‍ സ്ഥാനപതി റെനാറ്റോ പെദ്രോ വില്ല വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു . യുവതിയുടെ സുരക്ഷാ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട അംബാസഡര്‍ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഫിലിപ്പൈന്‍സ് കുവൈത്തിനൊപ്പമെന്നും വ്യക്തമാക്കി
ലിവാനി അസ്വിലോ എന്ന ഫിലിപ്പൈന്‍ യുവതിയെ ഐ എസ് ബന്ധമാരോപിച്ചു കഴിഞ്ഞ ആഴ്ച കുവൈത്ത് രാജ്യ സുരക്ഷാ വിഭാഗം കസ്റ്റഡിയില്‍ എടുത്തിരുന്നു .ഇതിനെതുടര്‍ന്ന്കുവൈത്തിലെ ഫിലിപ്പൈന്‍ അംബാസഡര്‍ റെനാറ്റോ പെദ്രോ എംബസ്സി ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ചചെയ്തു. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടു യുവതിയെ കാണുന്നതിനുള്ള സാധ്യതകള്‍ അന്വേഷിച്ചു വരികയാണെന്ന് എംബസ്സി വൃത്തങ്ങള്‍ അറിയിച്ചു . യുവതിയെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങളും അറസ്റ്റുമായി ബന്ധപ്പെട്ട വിശദശാംശങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു അംബാസഡര്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുമുണ്ട് . തീവ്രവാദത്തിനെതിരെ കുവൈത് കൈക്കൊള്ളുന്ന നടപടികള്‍ക്കു രാജ്യത്തിന്റെ പൂര്‍ണ പിന്തുണ ഉറപ്പു നല്‍കിയതായും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും അംബസാഡര്‍ റെനാറ്റോ പെദ്രോ പറഞ്ഞു. ലിബിയയില്‍ ദാഇശ് സംഘത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവുമായി ടെലിഗ്രാം ആപ്ലികേഷന്‍ വഴി നടത്തിയ സംഭാഷണങ്ങളാണ് ഫിലിപ്പൈന്‍ യുവതിയുടെ അറസ്റ്റിനു വഴിയൊരുക്കിയത് . സോമാലിയന്‍ പൗരനായ ഭര്‍ത്താവിന്റെ ഉപദേശമനുസരിച്ചു ചാവേര്‍ ആക്രമണം നടത്തുന്നതിനായാണ് താന്‍ കുവൈത്തിലെത്തിയതെന്നും ആക്രമണത്തിനായി സ്‌ഫോടക വസ്തുക്കള്‍ കാത്തിരിക്കുകയായിരുന്നു എന്നും യുവതി സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.