തൊഴിൽ നിയമങ്ങൾ പാലിക്കാത്ത സ്ഥാപന ഉടമകൾക്ക് കുവൈത്ത് ശിക്ഷ വര്‍ദ്ധിപ്പിക്കുന്നു
തൊഴില്‍ നിയമത്തിലെ 138, 140, 142, 146 എന്നീ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനാണ് പാര്‍ലമെന്‍റിന്റെ തൊഴില്‍-ആരോഗ്യ സമിതിയും ഫത്വ-ലെജിസ്ളേച്ചര്‍ സമിതിയും അംഗീകാരം നല്‍കിയത്.
തൊഴിൽ നിയമങ്ങൾ പാലിക്കാത്ത സ്ഥാപന ഉടമകൾക്ക് കുവൈത്ത് ശിക്ഷ വര്‍ദ്ധിപ്പിക്കുന്നു. ഇത് സംബന്ധിച്ച നിയമ ഭേദഗതിക്കു പാര്‍ലമെന്റിലെ വിവിധ സബ്കമ്മിറ്റികൾ അംഗീകാരം നല്‍കി. വിസക്കച്ചവടവും മനുഷ്യക്കടത്തും വര്‍ധിക്കുന്നതായ പരാതികള്‍ ഏറിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഭേദഗതിക്ക് നീക്കം തുടങ്ങിയത്.
തൊഴില്‍ നിയമത്തിലെ 138, 140, 142, 146 എന്നീ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനാണ് പാര്‍ലമെന്‍റിന്റെ തൊഴില്‍-ആരോഗ്യ സമിതിയും ഫത്വ-ലെജിസ്ളേച്ചര്‍ സമിതിയും അംഗീകാരം നല്‍കിയത്. വിസക്കച്ചവടവും മനുഷ്യക്കടത്തും വര്‍ധിക്കുന്നതായി പരാതികള്‍ വ്യാപകമായതോടെയാണ് തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാനവ വിഭവ ശേഷി വകുപ്പ് നിയമ ലംഘകർക്കു ശിക്ഷ വർദ്ധിപ്പിക്കുന്നതിനായി ഭേദഗതിക്ക് നീക്കം തുടങ്ങിയത്. രാജ്യത്തിന് പുറത്തുനിന്ന് കൊണ്ടുവരികയോ പ്രാദേശികമായി നിയമികുകയോ ചെയ്യുന്ന വിദേശ തൊഴിലാളിക്ക് വിസയില്‍ കാണിച്ച ജോലി നല്‍കാതിരിക്കുന്ന തൊഴിലുടമക്ക് നേരത്തേ ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ തടവും 1,000 മുതല്‍ 5,000 ദീനാര്‍ പിഴയുമായിരുന്നു ശിക്ഷ. ഇത് 2,000 മുതല്‍ 10,000 ദീനാര്‍ വരെയായി വര്‍ധിപ്പിക്കുക എന്നതാണ് പ്രധാന ഭേദഗതി നിർദേശം. നേര്‍ക്കുനേരെ നടത്തുന്ന വിസക്കച്ചവടവും മനുഷ്യക്കടത്തുമായി പരിഗണിച്ചാണ് ഈ കുറ്റത്തിന് പിഴ വര്‍ധിപ്പിക്കാൻ മാന്‍പവര്‍ അതോറിറ്റിശിപാർശ ചെയ്തത്. തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം സൃഷ്ടിക്കുന്ന തൊഴിലുടമക്ക് 500 മുതല്‍ 1,000 ദീനാര്‍ വരെ പിഴ ചുമത്തുന്നതാണ് മറ്റൊരു ഭേദഗതി. തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള പിഴവുകൊണ്ടാണ് ശമ്പളം മുടങ്ങിയതെന്ന് കോടതി കണ്ടത്തെുന്ന കേസുകളില്‍ വൈകിയ ഓരോ മാസത്തെയും ശമ്പളത്തിന്റെ ഒരു ശതമാനം വീതം തൊഴിലുടമയിൽ നിന്ന് പിഴയായി ഈടാക്കണമെന്നും ഭേദഗതി ബിൽ വ്യവസ്ഥ ചെയ്യുന്നു ഭേദഗതി നിർദേശം പാര്‍ലമെന്‍റിന്റെയും മന്ത്രിസഭയുടെയും അനുമതിക്കായി ഉടൻ സമര്‍പ്പിക്കുമെന്ന് മാൻ പവർ അതോറിറ്റി അറിയിച്ചു.