വിദേശ അധ്യാപകരുടെ താമസ അലവന്‍സ് വെട്ടിക്കുറച്ച കുവൈത്തിന്റെ നടപടി ചര്‍ച്ച ചെയ്യും
വിദേശി അധ്യാപകരുടെ താമസ അലവന്‍സ് കുറച്ചത് പരമാധികാര രാഷ്ട്രമായ കുവൈത്തിന്റെ സ്വന്തം തീരുമാനമാണ്
വിദേശ അധ്യാപകരുടെ താമസ അലവന്‍സ് വെട്ടിക്കുറച്ച കുവൈത്തിന്റെ നടപടി അറബ് തൊഴില്‍ മന്ത്രിമാരുടെ യോഗത്തില്‍ ചര്‍ച്ചയാവും. തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ കുവൈത്ത് സന്നദ്ധമാണെന്ന് അറിയിച്ചത്. അര്‍മീനിയന്‍ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി നിലാപാട് അറിയിച്ചത്.
വിദേശി അധ്യാപകരുടെ താമസ അലവന്‍സ് കുറച്ചത് പരമാധികാര രാഷ്ട്രമായ കുവൈത്തിന്റെ സ്വന്തം തീരുമാനമാണ്. രാജ്യത്തിന് അതിന് അവകാശമുണ്ട്. മറ്റു രാജ്യങ്ങൾക്കു അവരുടെ പൗരന്മാര്‍ക്കുണ്ടാവുന്ന പ്രയാസങ്ങളില്‍ ആകുലതയുണ്ടാവുന്നത് സ്വാഭാവികമാണ്. അത് പരിഗണിച്ചു കൊണ്ട് സുഹൃദ് രാജ്യങ്ങളുടെ വികാരം ഉള്‍ക്കൊള്ളാനും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും കുവൈത് സന്നദ്ധമാണ്. അറബ് തൊഴില്‍ മന്ത്രിമാരുടെ അടുത്ത യോഗത്തില്‍ വിഷയം ചർച്ച ചെയ്യാൻ കുവൈത്ത് ഒരുക്കമാണെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ മാസമാണ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന വിദേശ അധ്യാപകരുടെ താമസ അലവന്‍സ് 150 ദീനാറില്‍നിന്ന് 60 ദീനാറായി കുറച്ചത്. സർക്കാർ വകുപ്പികളിലെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് അലവന്‍സ് വെട്ടിക്കുറച്ചത്. തീരുമാനത്തിൽ പ്രതിഷേധിച്ചു ഈജിപ്ത്കാരായ അധ്യാപകർ രാജി ഭീഷണി മുഴക്കിയിരുന്നു. അധ്യാപക സമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്നും രാജി വെക്കുന്നവർക്കു പകരം ഫലസ്തീനിൽ നിന്ന് അധ്യാപകരെ റിക്രൂട് ചെയ്യുമെന്നും നേരത്തെ കുവൈത്ത് നിലപാട് വ്യക്തമാക്കിയിരുന്നു.