വ്യോമപരിധി ലംഘിച്ചുവെന്ന ഖത്തറിന്റെ ആരോപണം യു.എ.ഇ നിഷേധിച്ചു
ഐക്യരാഷ്ട്ര സഭക്ക് നൽകിയ പ്രതികരണത്തിലാണ് യു.എ.ഇ ഇക്കാര്യം വ്യക്തമാക്കിയത്
വ്യോമപരിധി ലംഘിച്ചുവെന്ന ഖത്തറിന്റെ ആരോപണം യു.എ.ഇ നിഷേധിച്ചു. ഐക്യരാഷ്ട്ര സഭക്ക് നൽകിയ പ്രതികരണത്തിലാണ് യു.എ.ഇ ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിന്റെ പരാതിക്കുള്ള യു.എ.ഇയുടെ പ്രതികരണമാണ് ന്യൂയോർക്കിലെ യു.എ.ഇ എംബസി ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതിക്ക് നൽകിയത്. ഖത്തർ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി യഅ്ഖൂബ് ആൽ ഹുസ്നി പറഞ്ഞു.
ഖത്തറിന്റെ അന്യായമായ നടപടികളെ മന്ത്രാലയം നിശിതമായി വിമർശിച്ചു. ഖത്തർ യുദ്ധവിമാനങ്ങൾ ഖത്തർ വ്യോമപരിധിക്ക് പുറത്താണ് പറന്നതെന്ന് സൂക്ഷ്മതയോടെ യു.എ.ഇ തെളിയിക്കും. നല്ല അയൽപക്ക ബന്ധത്തിന് ഖത്തർ അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും മന്ത്രാലയം പറഞ്ഞു.
യു.എ.ഇ ഉൾപ്പെടുന്ന ചതുർ രാഷ്ട്രങ്ങൾ ഖത്തറിനെതിരെ സാമ്പത്തിക നയതന്ത്ര ബഹിഷ്കരണം തുടരുകയാണ്. ഇസ്ലാമിക തീവ്രവാദികൾക്കും ഇറാനും സഹായം നൽകുന്നുവെന്നാരോപിച്ച് പോയ വർഷം ജൂണിലാണ് യു.എ.ഇ, സൗദി, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ബഹിഷ്കരണം ആരംഭിച്ചത്.