ദുബൈയിൽ 25 കിമീ ദൈര്‍ഘ്യത്തിലുള്ള പുതിയ ഹൈവേ ബുധനാഴ്ച തുറക്കും
പ്രദേശത്ത് ഗതാഗതം കൂടുതൽ സുഗമമാക്കാൻ ഹൈവേ ഉപകരിക്കും
ദുബൈയിൽ 25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള പുതിയ ഹൈവേ ബുധനാ ഴ്ച തുറക്കും. ദുബൈ, -അല്‍ഐന്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ്. പ്രദേശത്ത് ഗതാഗതം കൂടുതൽ സുഗമമാക്കാൻ ഹൈവേ ഉപകരിക്കും.സമീപവാസികള്‍ക്കും ദ് വില്ല, റെംറാം, ഫാല്‍ക്കണ്‍ സിറ്റി പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് പുതിയ ഹൈവേയെന്ന്ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും എമിറേറ്റ്സ് റോഡിനും സമാന്തരമായുള്ളതാണ് ഹൈവേ. അല്‍ഐന്‍ റോഡിലെയും സമീപ പ്രദേശത്തെ മറ്റു ഹൈവേകളിലെയും ഗതാഗതക്കുരുക്ക് ഇതോടെ നന്നായി കുറയും. 47.4 കോടി ദിര്‍ഹം ചെലവിട്ടാണ് എട്ടു വരി പാതയുടെ നിർമാണം. സിറ്റി ഓഫ് അറേബ്യ, ഗ്ലോബല്‍ വില്ലേജ്, അറേബ്യന്‍ റാഞ്ചസ്, ദുബായ് സ്പോര്‍ട്സ് സിറ്റി തുടങ്ങിയ പദ്ധതി പ്രദേശത്തേക്ക് നേരിട്ടെത്താനും പുതിയ ഹൈവേയിലൂടെ സാധിക്കുമെന്ന സൗകര്യവുമുണ്ട്.
ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാൻ സ്ട്രീറ്റില്‍നിന്ന് ദുബൈ അല്‍ഐന്‍ റോഡിലെ അല്‍ യലായെസ് റോഡ് വരെ നീളുന്നതാണ് ഹൈവേ പദ്ധതി. ഇത് ഭാവിയിൽ ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് വരെ നീട്ടിയേക്കും. നിരവധി മേല്‍പാലങ്ങളും ഇന്‍റര്‍സെക്ഷനുകളും ഇതിന്റെ ഭാഗമാണ്. എമിറേറ്റ്സ് റോഡില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റുവഴി ഗ്ലോബല്‍ വില്ലേജിലേക്ക് ഭാവിയിൽ എളുപ്പം എത്തിച്ചേരാം. അല്‍ഖുദ്റ ഇന്‍റര്‍സെക്ഷനും ഹെസ്സ സ്ട്രീറ്റ് ഇന്‍റര്‍സെക് ഷനും തമ്മില്‍ ബന്ധിപ്പിക്കാനും പുതിയ ഹൈവേ മൂലം സാധിക്കും.