60 വയസിനു മുകളിലുള്ള പ്രവാസി ജീവനക്കാരെ രണ്ടായി പരിഗണിക്കുന്നത് സംബന്ധമായ കരട് രേഖ വെബ്സൈറ്റില്‍
കരട് രേഖ പൊതുജന അഭിപ്രായമാരായാന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു
അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളെ ജോലിയില്‍ നിലനിര്‍ത്തുന്നത് നിരുല്‍സാഹപ്പെടുത്തുന്ന നിയമത്തെ കുറിച്ച് സൌദി തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നു. നിതാഖാത്ത് വ്യവസ്ഥയില്‍ 60 വയസിന് മുകളിലുള്ള വിദേശി ജീവനക്കാരെ രണ്ട് പേരായി പരിഗണിക്കുന്നത് സംബന്ധമായ കരട് രേഖ പൊതുജന അഭിപ്രായമാരായാന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
അറുപത് വയസിന് മുകളിലുള്ള വിദേശികള്‍ ജോലിയില്‍ തുടരുന്നത് നിരുല്‍സാഹപ്പെടുത്തി സ്വദേശി യുവതി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് സൌദി തൊഴില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം. തൊഴില്‍ വിപണി പരിഷ്ക്കരത്തിന്റെ ഭാഗമായാണ് നടപടി. മന്ത്രാലയത്തിന്റെ മഅന്‍ വെബ്സൈറ്റിലാണ് (http://qarar.ma3an.gov.sa) കരട് പ്രസിദ്ധീകരിച്ചത്. ഈമാസം ഇരുപത്തി അഞ്ചുവരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. കരട് നിയമമായി മാറുകയാണെങ്കില്‍ മലയാളികള്‍ ഉള്‍പ്പെടുള്ള നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവും. നിതാഖാത്ത് വ്യവസ്ഥ പ്രകാരം വിദേശി - സ്വദേശി അനുപാദത്തില്‍ കൃത്യമായ അനുപാദം പാലിച്ചാല്‍ മാത്രമേ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിയമപരമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. അറുപത് വയസ്സിന് മുകളിലുള്ള ഒരു വിദേശിയെ രണ്ടായി പരിഗണിക്കുമ്പോള്‍ കമ്പനികള്‍ക്ക് ഇതു അധിക ബാധ്യതയുണ്ടാക്കും. അതിനാല്‍ അത്തരെക്കാരെ ജോലിയില്‍ നിലനിര്‍ത്താന്‍ കമ്പനികള്‍ സന്നദ്ധമാകാത്ത അവസ്ഥയുണ്ടാകും. എന്നാല്‍ നിക്ഷേപകരെയും ഡോക്ടര്‍മാരെയും അക്കാദമിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫസര്‍, അസോയിയേറ്റഡ് പ്രൊഫസര്‍, അസി.പ്രൊഫസര്‍, വിസിറ്റിങ് പ്രൊഫസര്‍ എന്നിവരെയും നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.സ്വദേശി തൊഴിലില്ലായ്മ കുറക്കുന്നതിന്റെ ഭാഗമായി പുതിയ വര്‍ഷം തൊഴില്‍ മന്ത്രാലയം വിവിധ മേഖലകളില്‍ സൌദി വത്കരണ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ മാസത്തോടെ പരിഷ്കരിച്ച നിതാഖാത്ത് പ്രാബല്യത്തില്‍ വരും.