സൌദി ചുട്ടു പൊള്ളുന്നു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകല്‍ സമയത്ത് അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി.
സൌദിയില്‍ വേനല്‍ കനക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകല്‍ സമയത്ത് അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. സൂര്യാതപമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദമാമില്‍ കനത്ത ചൂടിനെ തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു.
പുലര്‍ച്ചെ സൂര്യരശ്മി പതിച്ചു തുടങ്ങുമ്പോള്‍ തന്നെ 40 ഡിഗ്രിയാണ്.ചൂട്. ഉച്ചയോടെ കൂടുതല്‍ തീക്ഷണമാവുന്നു. വരും ദിവസങ്ങളില്‍ ഹ്യൂമിഡിറ്റി വര്‍ധിക്കുമെന്നും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥഗോള ശാസ്ത്ര വിദഗ്ദ്ധന്‍ സല്‍മാന്‍ അല്‍റമദാന്‍ വ്യക്തമാക്കി. അല്‍ഹസ, ദമ്മാം, അല്‍ ഖോബാര്‍ എന്നിവിടങ്ങളിലെ തീരദേശ മേഖലകളിലാണ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രിക്ക് മുകളിലെത്തി. ഇത്തവണ മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ഉഷ്ണം കനക്കുമെന്നാണ് വിലയിരുത്തല്‍. റിയാദ്, അല്‍ഖര്‍ജ്, ദമ്മാം, ജുബൈല്‍, അല്‍അഹ്‌സ, അല്‍ഖഫ്ജി, നാരിയ എന്നിവിടങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലും 50 ഡിഗ്രിക്ക് മുകളിലാവും അന്തരീക്ഷ ഊഷ്മാവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. സൂര്യാഘാതമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും നേരിട്ട് സൂര്യ രശ്മികള്‍ നേരിട്ട് ശരീരത്തിലേല്‍ക്കാതെ സൂക്ഷിക്കണമെന്നും പകല്‍ അധികം പുറത്തിറങ്ങി നടക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. തൊഴില്‍ മന്ത്രാലയം അനുശാസിക്കുന്ന ഉച്ച സമയത്തുള്ള ഇടവേള കൃത്യമായി പാലിക്കണമെന്ന് കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്.കനത്ത ചൂടില്‍ പുറത്ത് ജോലി ചെയ്യുന്നവര്‍ മതിയായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. കുറേ സമയം തുടര്‍ച്ചയായി നേരിട്ട് വെയില്‍ കൊള്ളാതിരിക്കുകയും ധാരാളം വെള്ളം കുടിച്ച് ശരീരത്തില്‍ നിര്‍ജ്ജലീകരണം വരാതിരിക്കാന്‍ സൂക്ഷിക്കുകയും വേണം. അന്തരീക്ഷത്തില്‍ ചൂട് ഉയരുമ്പോള്‍ വാഹനങ്ങള്‍ കൂടുതല്‍ ചൂടായി തീ പടരാനുള്ള സാധ്യതയുണ്ടെന്നും കൃത്യമായ ഇടവേളകളില്‍ വാഹനങ്ങള്‍ സര്‍വീസ് നടത്തണമെന്നും അധികൃതര്‍ അറിയിച്ചു.
കനത്ത ചൂടിനെ തുടര്‍ന്ന് രണ്ട് വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കെ ദമ്മാമില്‍ കത്തിനശിച്ചു. രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് വാഹനങ്ങളും യാത്രക്കിടെ അമിത ചൂടില്‍ തീ പിടിച്ച് കത്തുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.