പകർച്ചപ്പനിക്കെതിരെ എല്ലാ സ്വദേശികളും പ്രവാസികളും പ്രതിരോധ കുത്തിവെപ്പ് എടുക്കണം
അബൂദബി ആരോഗ്യ സേവന കമ്പനിയുടെ കീഴിലുള്ള എല്ലാ ക്ലിനിക്കുകളിലും എല്ലാവർക്കും സൗജന്യമായി കുത്തിവെപ്പ് നൽകുമെന്ന് വകുപ്പ് അറിയിച്ചു
പകർച്ചപ്പനിക്കെതിരെ എല്ലാ സ്വദേശികളും പ്രവാസികളും പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. അബൂദബി ആരോഗ്യ സേവന കമ്പനിയുടെ കീഴിലുള്ള എല്ലാ ക്ലിനിക്കുകളിലും എല്ലാവർക്കും സൗജന്യമായി കുത്തിവെപ്പ് നൽകുമെന്ന് വകുപ്പ് അറിയിച്ചു. വയോധികർ, വിട്ടുമാറാത്ത അസുഖമുള്ളവർ, ഗർഭിണികൾ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് മുൻഗണന ലഭിക്കും.
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായാണ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ നടത്തുന്നതെന്ന് ആരോഗ്യ വകുപ്പിലെ സാംക്രമികരോഗകാര്യ ഡയറക്ടർ ഡോ. ഫരീദ അൽ ഹുസനി പറഞ്ഞു. പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പെടുത്ത് ആരോഗ്യം സംരക്ഷിക്കണമെന്നും ഈ സാംക്രമികരോഗത്തിന്റെ വ്യാപനം ഇല്ലാതാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
2016-2017ൽ പകർച്ചപ്പനി പടരുന്ന കാലത്ത് അബൂദബി എമിറേറ്റിൽ 150,000ത്തിലധികം പേർ കുത്തിവെപ്പെടുത്തുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഓരോ വർഷവും പരിഷ്കരിക്കുന്ന വാക്സിനിൽ മൂന്ന് വൈറസുകൾക്കെതിരെയാണ് പ്രതിരോധം നൽകുന്നത്. ഈ വർഷം എച്ച്.1എൻ1, എച്ച്3എൻ2, പകർച്ചപ്പനി ബി എന്നീ വൈറസുകൾക്കെതിരെയാണ് പ്രതിരോധം.
സാംക്രമികരോഗങ്ങൾ സമൂഹത്തിൽ പടരുന്നത് തടയുന്നതിൽ വ്യക്തി ശുചിത്വത്തിലുള്ള പങ്ക് ആരോഗ്യ വകുപ്പ് എടുത്തു പറഞ്ഞു. തുമ്മുമ്പോഴോ ചുമക്കുമ്പോഴോ വായയും മൂക്കും മറയ്ക്കുക, കൈകൾ പതിവായി വൃത്തിയോടെ കഴുകുക, ഉപയോഗിച്ച ടിഷ്യൂ പേപ്പറുകൾ ഒഴിവാക്കുക, രോഗം ബാധിച്ചവരുമായി നേരിട്ട് ഇടപഴകുന്നത് ഒഴിവാക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വകുപ്പ് അറിയിച്ചു.