സൗദി കിരീടാവകാശിയുടെ ഫ്രാന്‍സ് പര്യടനത്തിന് ഞായറാഴ്ച തുടക്കമാകും
സന്ദര്‍ശനത്തില്‍ യമന്‍ വിഷയം സജീവ ചര്‍ച്ചയാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഫ്രാന്‍സ് പര്യടനത്തിന് ഞായറാഴ്ച തുടക്കമാകും. സന്ദര്‍ശനത്തില്‍ യമന്‍ വിഷയം സജീവ ചര്‍ച്ചയാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യമന്‍ വിഷയത്തില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിലെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുണ്ട്.
അമേരിക്കന്‍ സന്ദര്‍ശനത്തിലാണിപ്പോള്‍ സൌദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ . രണ്ട് ദിവസം നീളുന്ന പര്യടനത്തിനാണ് അദ്ദേഹം ഫ്രാന്‍സിലെത്തുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെയുള്ള ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പാരീസില്‍ വെച്ച് നടക്കുന്ന സൗദി, ഫ്രാന്‍സ് ഇക്കണോമിക് ഫോറത്തില്‍ കിരീടാവകാശി പങ്കെടുക്കും.വന്‍ രാഷ്ട്രങ്ങളുമായി സൗഹൃദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കിരീടാവകാശിയുടെ വിദേശ സന്ദര്‍ശനങ്ങള്‍. സന്ദര്‍ശനത്തില്‍ യമന്‍ വിഷയം സജീവ ചര്‍ച്ചാ വിഷയമായേക്കും. പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും ഫ്രഞ്ച് പ്രസിഡന്റിന് കത്തയച്ചിട്ടുണ്ട്. സൌദിയുമായി സജീവ ബന്ധമുള്ള രാജ്യമാണ് ഫ്രാന്‍സ്.
വിഷയത്തില്‍ പക്ഷേ ഫ്രാന്‍സും സൌദിയും പ്രതികരിച്ചിട്ടില്ല. ഹൂതി തീവ്രവാദികളുടെ നിരന്തര ആക്രമണം സൌദി സഖ്യസേന തടയുന്നുണ്ട്. ഇതിനിടയിലാണ് സന്ദര്‍ശനം. സൗദി വിഷന്‍ 2030ന്റെ ഭാഗമായി വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യ, രാഷ്ട്രീയ സഹകരണം ശക്തമാക്കലും സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്. കൂടിക്കാഴ്ചയില്‍ വിവിധ ധാരണ പത്രങ്ങളും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും.