കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ക്കാനുള്ള സമയപരിധി നീട്ടിയതായി ദുബൈ ഹെല്‍ത്ത് അതോറിറ്റി

Update: 2018-04-06 15:10 GMT
Editor : admin
Advertising

കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ക്കാനുള്ള സമയപരിധി ഈ വര്‍ഷം അവസാനം വരെ നീട്ടിയതായി ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു

കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ക്കാനുള്ള സമയപരിധി ഈ വര്‍ഷം അവസാനം വരെ നീട്ടിയതായി ദുബൈ ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു. ജൂണ്‍ 30നകം എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കമ്പനികളെല്ലാം നേരത്തെ നിശ്ചയിച്ച സമയപരിധിക്കകം ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തണം. അല്ളെങ്കില്‍ പിഴ നല്‍കേണ്ടിവരുമെന്ന് ഡി.എച്ച്.എ ഹെല്‍ത്ത് ഫണ്ടിങ് വിഭാഗം ഡയറക്ടര്‍ ഡോ. ഹൈദര്‍ അല്‍ യൂസുഫ് പറഞ്ഞു.

2014 മുതല്‍ മൂന്ന് ഘട്ടങ്ങളായാണ് ദുബൈയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിവരുന്നത്. 1000ന് മുകളില്‍ തൊഴിലാളികളുള്ള കമ്പനികളെ ആദ്യഘട്ടത്തിലും 100 മുതല്‍ 999 വരെ ജീവനക്കാരുള്ള കമ്പനികളെ രണ്ടാംഘട്ടത്തിലും ഉള്‍പ്പെടുത്തി. ഈ വിഭാഗത്തിലെ തൊഴിലാളികളെല്ലാം ഇപ്പോള്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്നുണ്ട്. 100ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് മൂന്നാംഘട്ടത്തില്‍ വരുന്നത്. ജൂണ്‍ 30ഓടെ ഈ വിഭാഗത്തിലെ കമ്പനികളും തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കണം. താമസ- കുടിയേറ്റ വകുപ്പുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ വിസ പുതുക്കി നല്‍കില്ല. പിഴയും അടക്കേണ്ടിവരും.

ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക കമ്പനികളാണ് വഹിക്കേണ്ടത്. എന്നാല്‍ കുടുംബാംഗങ്ങളുടേതും വീട്ടുജോലിക്കാരുടേതും സ്പോണ്‍സര്‍ ചെയ്യുന്ന ഗൃഹനാഥന്‍ നല്‍കണം. ഈ വര്‍ഷം അവസാനം വരെ സമയപരിധി നീട്ടിയ സാഹചര്യത്തില്‍ 2017 ആദ്യത്തോടെ മാത്രമേ ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇത്തരക്കാര്‍ പിഴ നല്‍കേണ്ടിവരൂ. 38 ലക്ഷത്തോളം പേരാണ് ദുബൈയില്‍ റെസിഡന്‍സ് വിസയിലുള്ളത്. ഇതില്‍ 75 ശതമാനവും ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെന്ന് ഡി.എച്ച്.എ അധികൃതര്‍ വെളിപ്പെടുത്തി. ഈ വര്‍ഷം അവസാനത്തോടെ 95 ശതമാനം പേര്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പുവരുത്താന്‍ കഴിയുമെന്ന് കണക്കുകൂട്ടുന്നു. ദുബൈ വിസയുള്ളവരില്‍ 60 ശതമാനം പേരാണ് മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News