ഖത്തറില്‍ ഫാമിലി വിസക്ക് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജറാക്കണം
കുടുംബവിസക്ക് അപേക്ഷിക്കുന്ന സ്വകാര്യമേഖലയിലെ ജോലിക്കാര്‍ക്ക് മതിയായ സാങ്കേതിക യോഗ്യതയോടെയുള്ള ജോലിക്കൊപ്പം 10,000 റിയാല്‍ മാസശമ്പളവും വേണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.
ഖത്തറില്‍ പ്രവാസികള്‍ക്ക് ഫാമിലി വിസക്കുള്ള മാനദണ്ഡങ്ങളില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തത വരുത്തി. ഇതനുസരിച്ച് കുടുംബവിസക്ക് അപേക്ഷിക്കുന്നവര്‍ വിദ്യാഭ്യാസ യോഗ്യതക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലിലാണ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാല്‍ നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല.
കുടുംബവിസക്ക് അപേക്ഷിക്കുന്ന സ്വകാര്യമേഖലയിലെ ജോലിക്കാര്‍ക്ക് മതിയായ സാങ്കേതിക യോഗ്യതയോടെയുള്ള ജോലിക്കൊപ്പം 10,000 റിയാല്‍ മാസശമ്പളവും വേണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍, 7000 റിയാലില്‍ കുറയാത്ത മാസ ശമ്പളവും, കുടുംബത്തെ താമസിപ്പിക്കാനായി തൊഴിലുടമ സൗജന്യമായി പാര്‍പ്പിടവും അനുവദിച്ചിട്ടുണ്ടെങ്കിലും വിസക്ക് അപേക്ഷിക്കാം. വിസക്ക് അപേക്ഷിക്കുന്ന വ്യക്തിക്ക് ഖത്തര്‍ റസിഡന്‍റ് പെര്‍മിറ്റ് നിര്‍ബന്ധമാണ്. അതിനൊപ്പം വിദ്യാഭ്യാസ യോഗ്യതക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഖത്തറില്‍ ഉയര്‍ന്ന വിദ്യാഭ്യാസവും ഉയര്‍ന്ന ഉദ്യോഗവും ഉള്ളവര്‍ക്കാണ് ഫാമിലി വിസ നല്‍കുന്നത് എന്നതിനാലാണിത്. അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങള്‍ക്ക് താമസത്തിനായി അനുവദിച്ചിട്ടുള്ള ഫ്ളാറ്റ്/വില്ല മറ്റു പാര്‍പ്പിട കേന്ദ്രങ്ങള്‍ എന്നിവ തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കണം. കൂടാതെ തൊഴില്‍ കരാറും സമര്‍പ്പിക്കണം. ഉദ്യോഗവും ശമ്പളവും കൃത്യമായി രേഖപ്പെടുത്തിയ തൊഴിലുടമയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. മാസ ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയാണെന്ന് തെളിയിക്കുന്നതിനായി ആറ് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് നിര്‍ബന്ധമാണ്. സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ തങ്ങളുടെ തൊഴില്‍ കരാറിന്റെയും സര്‍ട്ടിഫിക്കറ്റുകളുടെയും നോട്ടറി അറ്റസ്റ്റ് ചെയ്ത പകര്‍പ്പുകള്‍ ഹാജരാക്കണം. ഫാമിലി വിസ -ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്കായും, സന്ദര്‍ശക വിസ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കായുമായുമാണ് ഖത്തറില്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. വിസ ഇഷ്യു ചെയ്യാനായി ഓരോ അംഗത്തിനും 200 റിയാലാണ് ഫീസ്.