ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം തേടി യുഎസ് സംഘം
മുൻ സൈനിക ജനറലായ സിന്നിയും ഗൾഫ് കാര്യങ്ങളുടെ ചുമതലയുള്ള യു.എസ് അസി.വിദേശകാര്യ സെക്രട്ടറി തിമോതി ലെൻഡർകിങ്ങും വ്യാഴാഴ്ച രാവിലെയാണ് അബൂദബിയിലെത്തിയത്
ഖത്തർ പ്രതിസന്ധിക്ക് പരിഹാരം തേടിയുള്ള പര്യടനത്തിന്റെ ഭാഗമായി അമേരിക്കൻ ദൂതൻ റിട്ട. ജനറൽ ആന്റണി ചാൾസ് സിന്നി അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാനുമായി ചർച്ച നടത്തി. മുൻ സൈനിക ജനറലായ സിന്നിയും ഗൾഫ് കാര്യങ്ങളുടെ ചുമതലയുള്ള യു.എസ് അസി.വിദേശകാര്യ സെക്രട്ടറി തിമോതി ലെൻഡർകിങ്ങും വ്യാഴാഴ്ച രാവിലെയാണ് അബൂദബിയിലെത്തിയത്.
കൂടിക്കാഴ്ചയിൽ യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, സുപ്രീം ദേശീയ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി അലി ബിൻ ഹമ്മാദ് അൽ ഷംസി, എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയർമാൻ ഖൽദൂൻ ഖലീഫ അൽ മുബാറക്, അമേരിക്കയിലെ യു.എ.ഇ അംബാസഡർ യൂസഫ് മനാ സഇൗദ് അൽ ഉതൈബ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. ഖത്തറിനെയും അവർക്കെതിരെ ഉപരോധം തുടരുന്ന യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളെയും ഒരു മേശക്കു ചുറ്റുമിരുത്തുന്നതിനുള്ള ശ്രമങ്ങളാണ് അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്നത്. തിങ്കളാഴ്ച കുവൈത്തിലാണ് അമേരിക്കൻ സംഘം ആദ്യമെത്തിയത്.
മേഖലയുടെ താൽപര്യം കണിക്കിലെടുത്ത് തർക്കം എത്രയും പെെട്ടന്ന് തീർക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കുവൈത്തിലെ അമേരിക്കൻ അംബാസഡർ ലോറൻസ് സിൽവർമാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏറെ ആദരിക്കപ്പെടുന്ന വ്യക്തിത്വമായ സിന്നി ഇൗ മാസമാണ് അമേരിക്കൻ നയതന്ത്ര സംഘത്തിൽ ചേർന്നത്. 1997 മുതൽ 2000 വരെ യു.എസ് കേന്ദ്ര കമാൻഡിന്റെ കമാണ്ടറായിരുന്ന സിന്നി ഗൾഫ് രാജ്യങ്ങളുമായുള്ള അമേരിക്കൻ സൈനിക ബന്ധം അരക്കിട്ടുറപ്പിച്ച സൈനിക തലവനാണ്.