ഹജ്ജ്​ നയ രൂപീകരണം: അഞ്ചംഗ സമിതി സൌദി സന്ദര്‍ശിച്ചു

Update: 2018-04-15 03:10 GMT
Editor : Sithara
Advertising

ഹജ്ജ്​ നയം രൂപവത്​കരിക്കുന്നതി​ന്‍റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള ഉന്നതതലസംഘം സൌദിയില്‍ സന്ദർശനം പൂർത്തിയാക്കി

ഹജ്ജ്​ നയം രൂപവത്​കരിക്കുന്നതി​ന്‍റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള ഉന്നതതലസംഘം സൌദിയില്‍ സന്ദർശനം പൂർത്തിയാക്കി. ഹജ്ജ്​ മന്ത്രാലയം അധികൃതരുമായും വിവിധ ഹജ്ജ്​ സേവന കമ്പനികളുമായും സമിതി അംഗങ്ങൾ ചർച്ച നടത്തി. റിപ്പോർട്ട്​ ഒരു മാസത്തിനകം സമർപ്പിക്കുമെന്ന്​ സമിതി അധ്യക്ഷൻ അഫ്സൽ അമാനുല്ല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Full View

2022 വരെയുള്ള ഹജ്ജ് നയം രൂപീകരിക്കുന്ന അഞ്ചംഗ സമിതിയാണ് ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ സന്ദർശനം നടത്തിയത്. ജിദ്ദയിലെ മുൻ ഇന്ത്യൻ കോൺസൽ ജനറൽ അഫ്സൽ അമാനുല്ലയാണ് സമിതി അധ്യക്ഷന്‍. ഇന്ത്യയിലും ഇതുസംബന്ധിച്ചുള്ള ചർച്ചകൾ പൂർത്തിയാക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി നിര്‍ദേശ പ്രകാരം 2022 ഓടെ ഹജ്ജ്​ സബ്സിഡി പൂര്‍ണ്ണമായി ഇല്ലാതാവും. അതിനാല്‍ വിമാനയാത്ര, താമസം, ഭക്ഷണം എന്നിവ ഏറ്റവും കുറഞ്ഞ ചെലവിൽ ലഭ്യമാക്കി ഹാജിമാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

വിമാന യാത്രാ ചെലവ്​ ലഘൂകരിക്കുന്നതിനായി സിവില്‍ ഏവിയേഷൻ അതോറിറ്റി അധികൃതരുമായി ചർച്ച നടത്തിയിട്ടുണ്ട്. വിമാനയാത്രക്ക്​ ​​ഗ്ലോബല്‍ ടെന്‍റർ എന്ന ആശയം നടപ്പാക്കാനാവില്ല. സൗദിയുമായി ഉണ്ടാക്കുന്ന ഹജ്ജ്​ കരാറിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ നടപടികൾ സ്വീകരിക്കാൻ സാധിക്കൂ. ഹാജിമാരെ കപ്പലിൽ എത്തിക്കുന്നതിനെ കുറിച്ച്​ ഗൗരവമായി ചിന്തിക്കുന്നുണ്ട്​. സൗദി അധികൃതരുമായി ഇതു സംബന്ധിച്ച്​ ചർച്ചകൾ നടത്തി. ദീർഘകാല അടിസ്ഥാനത്തിൽ താമസ കരാറിൽ ഒപ്പിടുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണെന്നും സംഘം വ്യക്തമാക്കി. ആറ്​ ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഉന്നതതല സംഘം ഇന്ന്​ ഇന്ത്യയിലേക്ക്​ മടങ്ങും. ജിദ്ദയിലെ ഇന്ത്യന്‍ സമൂഹവുമായും സംഘം കൂടിക്കാഴ്ച നടത്തി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News