സൈബര്‍ ആക്രമണം: ജാഗ്രത ശക്തമാക്കി ഗള്‍ഫ് രാജ്യങ്ങള്‍
കമ്പ്യൂട്ടര്‍ നെറ്റ്‍വര്‍ക്കിലൂടെ ഫയലുകള്‍ തട്ടിയെടുക്കുന്ന പ്രത്യേക തരം വൈറസാണ് കഴിഞ്ഞ മാസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയത്
സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ ജാഗ്രത പുലര്‍ത്തി ഗള്‍ഫ് രാജ്യങ്ങള്‍. നൂറിലധികം രാജ്യങ്ങളിലെ കമ്പ്യൂട്ടര്‍ ശൃംഖലയെ ആക്രമിച്ച വൈറസില്‍ നിന്ന് ഫയലുകള്‍ കിട്ടാന്‍ സൗദിയും ഇതര വിദേശരാജ്യങ്ങളും പണം നല്‍കിയതായി സൌദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഇലക്ട്രോണിക് സെക്യൂരിറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അബ്ബാദ് അല്‍അബ്ബാദ് വ്യക്തമാക്കി. എന്നാല്‍ പല രാജ്യങ്ങളും ഇക്കാര്യം പുറത്തു പറഞ്ഞിട്ടില്ല.
കമ്പ്യൂട്ടര്‍ നെറ്റ്‍വര്‍ക്കിലൂടെ ഫയലുകള്‍ തട്ടിയെടുക്കുന്ന പ്രത്യേക തരം വൈറസാണ് കഴിഞ്ഞ മാസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ആക്രമണത്തിന്റെ വ്യാപ്തി വര്‍ധിച്ചിട്ടുണ്ട്. 45,000ലധികം കമ്പ്യൂട്ടറുകളെ വൈറസ് പിടികൂടിയിട്ടുണ്ടെന്നാണ് കണക്ക്. നെറ്റ്‍വര്‍ക്ക് ശൃംഖലയിലുള്ള ഏതെങ്കിലും കമ്പ്യൂട്ടറില്‍ വരുന്ന ഇമെയില്‍ തുറന്നാല്‍ സ്ഥാപനത്തിലെ മുഴുവന്‍ സംവിധാനത്തെയും ആക്രമണം ബാധിക്കുന്നത്ര ശക്തമാണ് വൈറസ്. രാജ്യത്തെ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡോ. അബ്ബാദ് പറഞ്ഞു.
'റാൻസം വെയർ' സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഒമാനിലെ വിവിധ മന്ത്രാലയങ്ങളുടെ ഇലക്ട്രോണിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഒമാൻ സർക്കാരിന്റെ ചില കമ്പ്യൂട്ടർ ശൃംഖലകളെയും 'റാൻസംവെയർ' ബാധിച്ചിട്ടുണ്ട്. ആക്രമണങ്ങളെ നേരിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ഒമാൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം അറിയിച്ചു.
പരാതി പരിഹാര സംവിധാനം, വർക്ക് ലീവ് നോട്ടീസ്, വർക്ക് പെർമിറ്റ് റിക്വസ്റ്റ് തുടങ്ങിയ ഇലക്ട്രോണിക് സേവനങ്ങളെല്ലാം 48 മണിക്കൂർ നേരത്തേക്ക് നിർത്തി വെക്കുന്നതായി മാനവവിഭവശേഷി മന്ത്രാലയം ഇന്നലെ രാവിലെയാണ് അറിയിച്ചത്. പരിസ്ഥിതി കാലാവസ്ഥാ കാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, മസ്കത്ത് നഗരസഭ എന്നിവയുടെ ഇലക്ട്രോണിക് സേവനങ്ങളും മുൻകരുതൽ നടപടികളുടെ ഭാഗമായി താൽക്കാലികമായി നിർത്തിവെച്ചു. സുരക്ഷയുടെ ഭാഗമായി മസ്കത്ത് സെക്യൂരിറ്റീസ് മാർക്കറ്റ് ഓൺലൈൻ ഓഹരി ട്രേഡിങ് നിർത്തിവെച്ചു.
സൗജന്യവും സംശയം ജനിപ്പിക്കുന്നതുമായ സോഫ്റ്റ് വെയറുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാരോട് ആവശ്യപ്പെട്ടു. അറിയാത്ത വിലാസങ്ങളിൽ നിന്നുള്ള ഇമെയിലുകൾ തുറക്കുകയോ ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. സുരക്ഷിത കമ്പ്യൂട്ടർ ഉപയോഗത്തിന്റെ ഭാഗമായി ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള അറിയിപ്പുകൾ ശ്രദ്ധിക്കുകയും വേണം. ഹാർഡ് വെയർ സംവിധാനങ്ങളും ആന്റിവൈറസ് സംവിധാനങ്ങളും അപ്ഡേറ്റ് ചെയ്യുന്നത് വരെ എല്ലാ ഇന്റർനെറ്റ്, ഇമെയിൽ ഇടപാടുകളും നിർത്തിവെക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.