സൗദി അറേബ്യയുടെ സാമ്പത്തിക നില സംതൃപ്തമാണെന്ന് ധനകാര്യ മന്ത്രാലയം
അര്‍ദ്ധ വര്‍ഷ വരവുചെലവു കണക്ക് വിലയിരുത്തുമ്പോള്‍ കമ്മി ബജറ്റ് ഏറെ പരിഹരിക്കാനായിട്ടുണ്ട്
സൗദി അറേബ്യയുടെ സാമ്പത്തിക നില സംതൃപ്തമാണെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. അര്‍ദ്ധ വര്‍ഷ വരവുചെലവു കണക്ക് വിലയിരുത്തുമ്പോള്‍ കമ്മി ബജറ്റ് ഏറെ പരിഹരിക്കാനായിട്ടുണ്ടെന്ന് ധനകാര്യ മന്ത്രാലയം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ധനകാര്യ മന്ത്രി ഡോ. മുഹമ്മദ് അല്‍ജദ്ആന് വേണ്ടി സഹമന്ത്രി ഹിന്ദ് അസ്സുഹൈമിയാണ് അര്‍ദ്ദവര്‍ഷ കണക്കുകള്‍ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 308 ബില്യന്‍ വരുമാനമുണ്ടാക്കാന്‍ രാഷ്ട്രത്തിന് സാധിച്ചിട്ടുണ്ട്. ഇത് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിന്റെ 29 ശതമാനം കൂടുതലാണ്. അതേസ്ഥാനത്ത് 381 ബില്യന്‍ ചെലവാണ് ആറ് മാസത്തില്‍ കണക്കാക്കിയത്. ചെലവിനത്തില്‍ രണ്ട് ശതമാനം കുറക്കാനും മന്ത്രാലയത്തിന് സാധിച്ചു. അര്‍ദ്ധവര്‍ഷത്തില്‍ പ്രതീക്ഷിച്ചിരുന്ന 99 ബില്യന്‍ റിയാലിന്റെ സ്ഥാനത്ത് 72 ബില്യന്‍ മാത്രമാണ് കമ്മിയുള്ളത് എന്ന് കണക്കാക്കുമ്പോള്‍ ഈ രംഗത്ത് 27 ബില്യന്‍ നേടാന്‍ രാഷ്ട്രത്തിന് സാധിച്ചിട്ടുണ്ട്. പെട്രോള്‍ വിലയിടിവ് തുടരുമ്പോഴും രാഷ്ട്രം കൈവരിച്ച നേട്ടം മികച്ചതാണെന്നും സഹമന്ത്രി പറഞ്ഞു. ബജറ്റ് കമ്മി കുറക്കുന്നതില്‍ 51 ശതമാനത്തിന്റെ നേട്ടമാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാം നേടിയതെന്നും അദ്ദേഹം വിശദീകരിച്ചു.