ഗൾഫ് പ്രതിസന്ധി; അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഒമാൻ വിദേശകാര്യമന്ത്രിയുമായി ടെലിഫോണിൽ ബന്ധപ്പെട്ടു
പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്ന് അറിയിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങളുടെ ഫലമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുള്ളയെ ടെലിഫോണിൽ ബന്ധപ്പെട്ടു. നിലവിലെ സ്ഥിതിഗതികൾ ഇരുവരും അവലോകനം ചെയ്തു.
പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്ന് അറിയിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. അമേരിക്കയടക്കം എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഇൗ ശ്രമങ്ങൾക്ക് ഉണ്ടാകണം. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ജി.സി.സിയിലെ സഹോദര രാഷ്ട്രങ്ങൾക്ക് സാധിക്കുമെന്നത് ഒമാന് ഉറപ്പാണ്. ഇങ്ങനെ ഒറ്റക്കെട്ടായി നീങ്ങുന്നത് വഴി ജി.സി.സി.രാജ്യങ്ങളിലെ മുഴുവൻ ജനങ്ങൾക്കും ഉപകാരപ്രദമായ നയനിലപാടുകൾ കൈകൊള്ളാനും മേഖലയുടെ ഭദ്രതയും സുരക്ഷയും കാത്തുസൂക്ഷിക്കാനും കഴിയുമെന്ന് വിദേശകാര്യമന്ത്രാലയം ചൂണ്ടികാട്ടി. ഒമാനും അമേരിക്കയും തമ്മിൽ നിലവിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ അത് ശക്തിപ്പെടുത്തേണ്ടതിെൻറ ആവശ്യകതയും ഇരുനേതാക്കളും ചർച്ച ചെയ്തു.
ഒരാഴ്ചയിലധികമായി തുടരുന്ന ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിനായി കുവൈത്തിനൊപ്പം ഒമാനും ശ്രമിച്ചുവരുകയാണ്. വ്യോമ ഉപരോധത്തിെൻറ ഫലമായുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഒമാൻ എയർ ദോഹയിലേക്ക് അധിക സർവീസ് നടത്തുന്നുണ്ട്. ഉംറക്ക് പോകുന്ന ഖത്തരികൾക്കും വേണ്ട സഹായമൊരുക്കുമെന്ന് ഒമാൻ എയർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.