പ്രവാസികള്‍ വിദേശത്തേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താന്‍ സൗദി
സൗദിയില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ വിദേശത്തേക്ക് അയക്കുന്ന പണത്തിന് ടാക്സ് ഏര്‍പ്പെടുത്തുന്നത് ശൂറ കൗണ്‍സിലിന്റെ പരിഗണനയില്‍.
സൗദിയില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ വിദേശത്തേക്ക് അയക്കുന്ന പണത്തിന് ടാക്സ് ഏര്‍പ്പെടുത്തുന്നത് ശൂറ കൗണ്‍സിലിന്റെ പരിഗണനയില്‍. ശൂറ കൗണ്‍സില്‍ ജനറല്‍ അതോറിറ്റിയാണ് വിഷയം പഠിച്ച് ശൂറ അംഗങ്ങളുടെ ചര്‍ച്ചക്കും വോട്ടിങിനും അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടത്.
ശൂറ കൗണ്‍സില്‍ നിയമത്തിലെ ഇരുപത്തി മൂന്നാം അനുഛേദമനുസരിച്ചാണ് പുതിയ ടാക്സ് നിയമത്തെക്കുറിച്ച് ആലോചിക്കുന്നത്. വിദേശ ജോലിക്കാര്‍ തങ്ങളുടെ രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നിശ്ചിത ശതമാനം ടാക്സ് ഏര്‍പ്പെടുത്തണമെന്ന് വിവിധ വേദികളില്‍ നിന്ന് ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ വര്‍ഷം ശൂറയുടെ പഠനത്തിനും ചര്‍ച്ചക്കും എടുക്കുന്ന വിഷയത്തില്‍ ടാക്സ് വിഷയം കൂടി ഉള്‍പ്പെടുത്താന്‍ ജനറല്‍ അതോറിറ്റി ശൂറയോട് അഭ്യര്‍ഥിച്ചത്. ശൂറ കൗണ്‍സിലിലെ സാമ്പത്തിക, തൊഴില്‍ കാര്യ ഉപസമിതിയാണ് വിഷയത്തെക്കുറിച്ച് പഠനം നടത്തുക.
ശൂറയുടെ ചര്‍ച്ചക്കും വോട്ടിങിനും ശേഷം അംഗീകാരം ലഭിക്കുന്ന സാഹചര്യത്തില്‍ സൗദി മന്ത്രിസഭയുടെ അനുമതി കൂടി ലഭിക്കുമ്പോഴാണ് നിയമം പ്രാബല്യത്തില്‍ വരിക. സൗദിയില്‍ ജോലി ചെയ്യുന്ന 11 ദശലക്ഷം വിദേശ ജോലിക്കാരെയും വിദേശ മുതല്‍മുടക്ക് സംരംഭങ്ങളെയും നേരിട്ട് ബാധിക്കുന്ന വിഷയത്തെക്കുറിച്ച് വിശദാംശങ്ങള്‍ ജനറല്‍ അതോറിറ്റി പുറത്തുവിട്ടിട്ടില്ല. ഏതെല്ലാം ഇനത്തിലുള്ള വിദേശ ട്രാന്‍സ്ഫറിന് എത്ര ശതമാനം ടാക്സ് ബാധകമാവും എന്ന വിശദാംശങ്ങളും ലഭ്യമല്ല. ധനകാര്യ വകുപ്പ്, സാമ്പത്തിക ആസൂത്രണ വകുപ്പ്, ഉന്നത സാമ്പത്തിക സഭ എന്നിവയുടെ വാര്‍ഷിക റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും ശൂറ കൌണ്‍സില്‍ ചര്‍ച്ചയെ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായം.