തുല്യതാ സര്‍ട്ടിഫിക്കറ്റിലെ അപാകത; പരിഹാരവുമായി കാലിക്കറ്റ് സര്‍വ്വകലാശാല

Update: 2018-04-19 22:21 GMT
തുല്യതാ സര്‍ട്ടിഫിക്കറ്റിലെ അപാകത; പരിഹാരവുമായി കാലിക്കറ്റ് സര്‍വ്വകലാശാല
Advertising

ഇനി മുതല്‍ പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന തുല്യതാ സര്‍ട്ടിഫിക്കറ്റില്‍ പഠനം റെഗുലര്‍ എന്ന് രേഖപ്പെടുത്താന്‍ സിന്‍ഡിക്കേറ്റ് ഉത്തരവിട്ടു

പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന തുല്യതാ സര്‍ട്ടിഫിക്കറ്റിലെ അപാകത പരിഹരിക്കാന്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി തീരുമാനമായി. ഇനി മുതല്‍ പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന തുല്യതാ സര്‍ട്ടിഫിക്കറ്റില്‍ പഠനം റെഗുലര്‍ എന്ന് രേഖപ്പെടുത്താന്‍ സിന്‍ഡിക്കേറ്റ് ഉത്തരവിട്ടു. ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

Full View

ഈ മാസം 19ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഗള്‍ഫിലെ നൂറുകണക്കിന് അധ്യാപകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനമുണ്ടായത്. പാരലല്‍ കോളജ്, അറബിക് കോളജില്‍ എന്നിവയില്‍ പഠിച്ച്, യൂനിവേഴ്സിറ്റില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴി പരീക്ഷയെഴുതി ബിരുദം നേടുന്നവരുടെ തുല്യതാ സര്‍ട്ടിഫിക്കറ്റില്‍ പഠനരീതി റെഗുലര്‍, ഫുള്‍ടൈം എന്ന് രേഖപ്പെടുത്താനാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. നല്‍കേണ്ട സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഉത്തരവിലുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്യുന്നവരുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ വിദേശത്തെ മന്ത്രാലയങ്ങള്‍ ഇന്ത്യന്‍ എംബസി വഴി ആവശ്യപ്പെടുന്ന തുല്യതാ സര്‍ട്ടിഫിക്കറ്റിലാണ് അപാകതയുണ്ടായിരുന്നത്. കേരളത്തിലെ യൂനിവേഴ്സിറ്റികള്‍ പാരലല്‍ കോളജിലും അറബിക് കോളജിലും പഠിച്ചിറങ്ങിയവരുടെ പഠനരീതി പ്രൈവറ്റ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇക്കാരണത്താല്‍ യു എ ഇയില്‍ 500 ലേറെ അധ്യാപകര്‍ക്ക് പുറത്താക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു. മീഡിയവണാണ് അധ്യാപകര്‍ നേരിടുന്ന പ്രതിസന്ധി പുറത്തുകൊണ്ടുവന്നത്.

മാര്‍ച്ച് മാസത്തിനകം ബിരുദം റെഗുലറാണെന്ന് തെളിയിക്കണമെന്നായിരുന്നു യുഎഇയിലെ അധ്യാപര്‍ക്ക് ലഭിച്ചിരുന്ന നിര്‍ദേശം. പുതിയ തീരുമാനം പാരലല്‍ കോളജില്‍ നിന്ന് ബിരുദം നേടിയ നിരവധി പേര്‍ക്ക് ഉപകാരപ്പെടും.

Tags:    

Similar News