തോമസ് ഐസക്കിന്റെ ബജറ്റില്‍ കുവൈത്തില്‍ സെമിനാര്‍
ധനമന്ത്രി ഡോ: തോമസ് ഐസക് അവതരിപ്പിച്ച കേരള സർക്കാരിന്റെ 2016-17 വർഷത്തെ പുതുക്കിയ ബജറ്റിനെ ആസ്പദമാക്കി കുവൈത്ത് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല സെമിനാർ സംഘടിപ്പിച്ചു.
ധനമന്ത്രി ഡോ: തോമസ് ഐസക് അവതരിപ്പിച്ച കേരള സർക്കാരിന്റെ 2016-17 വർഷത്തെ പുതുക്കിയ ബജറ്റിനെ ആസ്പദമാക്കി കുവൈത്ത് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല സെമിനാർ സംഘടിപ്പിച്ചു.
ജനകീയ സർക്കാർ-ജനകീയ ബജറ്റ് എന്ന പേരിൽ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സെമിനാറിന് കല കുവൈത്ത് ജനറൽ സെക്രട്ടറി സി.കെ. നൌഷാദ് സ്വാഗതം ആശംസിച്ചു. കല കുവൈത്ത് പ്രസിഡന്റ് ആർ. നാഗനാഥൻ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വികസനലക്ഷ്യമുൾക്കൊണ്ടുകൊണ്ടുള്ള രണ്ടാം മാന്ദ്യ വിരുദ്ധപാക്കേജ്, സ്ത്രീ ക്ഷേമത്തിനായുള്ള പ്രത്യേക പദ്ധതികൾ, ഭിന്നലിംഗക്കാർക്കുള്ള പ്രത്യേക പരിഗണന, പൊതുമേഖല, ആരോഗ്യം, വിദ്യാഭ്യാസം, പൊതു വിതരണ രംഗം, നാണ്യ-തോട്ടം വിളകൾ തുടങ്ങി സാമൂഹ്യ സുരക്ഷിതത്വത്തിനും പുരോഗതിക്കും വികസനത്തിനും ഊന്നൽ നൽകുന്ന ബജറ്റ് സമസ്ത മേഖലയിലേയും ജനവിഭാഗങ്ങൾക്കും പ്രതീക്ഷ നൽകുന്ന ഒന്നായി വിഷയത്തിൽ പ്രബന്ധമവതരിപ്പിച്ചു കൊണ്ട് കല കുവൈത്ത് കേന്ദ്രക്കമ്മിറ്റി അംഗം അനിൽ കുമാർ പറഞ്ഞു. പ്രവാസി ക്ഷേമ ഫണ്ട് ഒരു ലക്ഷത്തില്‍നിന്ന് പത്ത് കോടിയായി ഉയര്‍ത്തും, ക്ഷേമനിധി ആനുകൂല്യം കാലാനുസ്രുതമായി ഉയര്‍ത്തും, പുനരധിവാസ ഫണ്ട് 12 കോടിയില്‍ നിന്നും 24 കോടിയാക്കും തുടങ്ങിയ നിർദ്ദേശങ്ങൾ പ്രവാസികൾക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എം.സി.സി പ്രതിനിധി ഫറൂഖ് ഹമദാനി, ഐ.എൻ.സി പ്രതിനിധി ഷെരീഫ് താമരശ്ശേരി, പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം ജനറൽ സെക്രട്ടറി അനിൽ കുമാർ, വനിതാവേദി പ്രസിഡന്റ് ടോളി പ്രകാശ്, കല കുവൈത്ത് പ്രതിനിധി എൻ. അജിത്ത് കുമാർ എന്നിവർ വിഷയത്തിൽ ഇടപെട്ട് സംസാരിച്ചു. പ്രമുഖ വൃക്കരോഗ വിദഗ്ധനും കുവൈത്തിന്റെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഡോ: നാരായണൻ നമ്പൂരിയുടെ നിര്യാണത്തിലുള്ള അനുശോചന കുറിപ്പ് കല കുവൈത്ത് സാഹിത്യവിഭാഗം സെക്രട്ടറി സജീവ് എം ജോർജ്ജ് അവതരിപ്പിച്ചു. പരിപാടിക്ക് കല കുവൈത്ത് വൈസ് പ്രസിഡന്റ് ടി.കെ. സൈജു നന്ദി രേഖപ്പെടുത്തി.