ജറൂസലേമിലേക്ക് എംബസി മാറ്റം; തീരുമാനം അപലപനീയമാണെന്ന് സൗദി ശൂറ കൗണ്‍സില്‍

Update: 2018-04-20 01:55 GMT
Editor : Jaisy
ജറൂസലേമിലേക്ക് എംബസി മാറ്റം; തീരുമാനം അപലപനീയമാണെന്ന് സൗദി ശൂറ കൗണ്‍സില്‍
Advertising

പ്രഖ്യാപനത്തോടെ ഫലസ്തീന്‍ പ്രശ്നം പുതിയ വഴിത്തിരിവിലാണ്

ജറൂസലം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനം അപലപനീയമാണെന്ന് സൗദി ശൂറ കൗണ്‍സില്‍. പ്രഖ്യാപനത്തോടെ ഫലസ്തീന്‍ പ്രശ്നം പുതിയ വഴിത്തിരിവിലാണ്. ഇസ്രായേല്‍ ഫലസ്തീന്‍ വിഷയത്തില്‍ മധ്യസ്ഥതക്കുള്ള അര്‍ഹത അമേരിക്കക്ക് നഷ്ടമായെന്നും ശൂറാ കൌണ്‍സില്‍ പറഞ്ഞു.

റിയാദില്‍ ചേര്‍ന്ന ശൂറ കൗണ്‍സില്‍ യോഗമാണ് അമേരിക്കന്‍ പ്രസിഡണ്ടിന്റെ തീരുമാനത്തെ വിമര്‍ശിച്ചത്. പ്രസിഡന്റ് ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ഇബ്രാഹീം ആല്‍ശൈഖിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ട്രംപിന്റെ തീരുമാനം ജൂത രാഷ്ട്രത്തോടുള്ള അമേരിക്കയുടെ ചായ്പ് വ്യക്തമാക്കുന്നതാണെന്നും ശൂറ പറഞ്ഞു. ഇതിനാല്‍ അറബ്, ഇസ്രായേല്‍ പ്രശ്നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ അമേരിക്കക്ക് അര്‍ഹത നഷ്ടപ്പെട്ടിരിക്കയാണെന്നനും ശൂറ അഭിപ്രായപ്പെട്ടു. സമാധാന ശ്രമങ്ങളെയും ലോകസുരക്ഷയെയും ഇത് ബാധിച്ചേക്കും. 1967ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത ഖുദുസ് ഉള്‍പ്പെടെയുള്ള ഭൂമി അധിനിവിഷ്ഠ ഭൂമിയായാണ് കണക്കാക്കുന്നത്. ജറൂസലം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രം എന്ന സ്വപ്നത്തോടെയാണ് അറബ്, ഇസ്രായേല്‍ സമാധാന ചര്‍ച്ച മുന്നോട്ടുപോയിരുന്നത്. അന്താരാഷ്ട്ര കരാറുകളെയും മര്യാദകളെയും സമാധാന ശ്രമങ്ങളെയും കാറ്റില്‍ പറത്തുന്നതാണ് ട്രംപിന്റെ നിലപാട്. ജറൂസലമിനെക്കുറിച്ച ട്രംപിന്റെ പ്രഖ്യാപനത്തോടെ ഫലസ്തീന്‍ പ്രശ്നം പുതിയ വഴിത്തിരിവിലാണ്. മേഖലയിലെ സമാധാനത്തെ പ്രതികൂലമായി ബാധിക്കുന്നതായിരിക്കും അമേരിക്കയുടെ തീരുമാനമെന്നും ശൂറ കൗണ്‍സില്‍ ആവര്‍ത്തിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News