സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കാനുള്ള നടപടിയുമായി ദുബൈ
അടുത്ത വർഷം മുതൽ സന്ദർശകർക്ക് ഇൻഷുറൻസ് നിർബന്ധമാക്കാനാണ് ദുബൈ ആരോഗ്യ വകുപ്പിന്റെ നീക്കം
താമസക്കാർക്കു പുറമെ സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കാനുള്ള നടപടിയുമായി ദുബൈ. അടുത്ത വർഷം മുതൽ സന്ദർശകർക്ക് ഇൻഷുറൻസ് നിർബന്ധമാക്കാനാണ് ദുബൈ ആരോഗ്യ വകുപ്പിന്റെ നീക്കം.
ദുബൈയിൽ എത്തുന്ന എല്ലാ സന്ദർശകർക്കും അടിയന്തര ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുമെന്ന് നേരത്തെ തന്നെ അധികൃതർ സൂചന നൽകിയിരുന്നു. നിർബന്ധിത സ്വഭാവത്തിൽ അല്ലെങ്കിലും ഇപ്പോൾ തന്നെ സന്ദർശകരിൽ ചിലരെങ്കിലും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയാണ് ദുബൈയിൽ എത്തുന്നത്. എന്നാൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതു കാരണം സാധാരണക്കാരും അല്ലാത്തവരുമായ സന്ദർശകർക്ക് തക്ക സമയത്ത് ആവശ്യമായ വൈദ്യപരിചരണം ലഭിക്കാതെ പോകുന്ന സാഹചര്യമുണ്ട്. സ്വകാര്യ ആശുപത്രികളിൽ വലിയ തുക നൽകേണ്ട സാഹചര്യം പലർക്കും തിരിച്ചടിയാവുകയും ചെയ്യുന്നു. നിർബന്ധിത ഇൻഷുറൻസ് നടപ്പാകുന്നതോടെ ഇതു മറികടക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സന്ദർശക വിസയുടെ ദൈർഘ്യം അനുസരിച്ചാകും ഇൻഷുറൻസ് തുക നിശ്ചയിക്കുക. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ തന്നെയുണ്ടാകും.
അതിനിടെ, അബൂദബി, ദുബൈ എന്നിവക്കു പിന്നാലെ വടക്കൻ എമിറേറ്റുകളിലും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കാനും യു.എ.ഇ ആരോഗ്യ മന്ത്രാലയം പദ്ധതി ആവിഷ്കരിക്കുകയാണ്.