വാഹനാപകട കേസില്‍ പെട്ട് നഷ്ടപരിഹാരം നല്‍കാന്‍ കഴിയാതെ ജയിലിൽ കഴിഞ്ഞിരുന്ന മലയാളി മോചിതനായി

Update: 2018-04-21 08:41 GMT
Editor : Jaisy
വാഹനാപകട കേസില്‍ പെട്ട് നഷ്ടപരിഹാരം നല്‍കാന്‍ കഴിയാതെ ജയിലിൽ കഴിഞ്ഞിരുന്ന മലയാളി മോചിതനായി
Advertising

ജിദ്ദയിൽ രൂപീകരിച്ച മലയാളി കൂട്ടായ്മയുടെ ശ്രമഫലമായാണ് കോഴിക്കോട് സ്വദേശിയായ മുജീബ് റഹ്മാന് പുറത്തിറങ്ങാനായത്

വാഹനാപകട കേസില്‍ പെട്ട് നഷ്ടപരിഹാരം നല്‍കാന്‍ കഴിയാതെ ജിദ്ദയിൽ ജയിലിൽ കഴിഞ്ഞിരുന്ന മലയാളി മോചിതനായി. ജിദ്ദയിൽ രൂപീകരിച്ച മലയാളി കൂട്ടായ്മയുടെ ശ്രമഫലമായാണ് കോഴിക്കോട് സ്വദേശിയായ മുജീബ് റഹ്മാന് പുറത്തിറങ്ങാനായത്. തന്നെ സഹായിച്ചവരോട് മുജീബ് നന്ദി പറഞ്ഞു. മുജീബിനെ സഹായിക്കാനായി രൂപീകരിച്ച കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി ഭാരവാഹികളും അറിയിച്ചു.

Full View

കോഴിക്കോട് ജില്ലയിലെ മുക്കം സ്വദേശി മുജീബ് റഹ്മാനാണ് 20 മാസത്തെ ജയിൽ ജീവിതത്തിനു ശേഷം മോചിതനായത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജിദ്ദയിലെ ഖാലിദ് ബിന്‍ വലീദ് റോഡിലായിരുന്നു അപകടം. സൗദി രാജകുടുംബാംഗം ഓടിച്ചിരുന്ന ആഡംബര കാറുമായി മുജീബ് ഓടിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിനു നൂറു ശതമാനവും ഉത്തരവാദി മുജീബുറഹ്മാനാണെന്നും ആഡംബര കാര്‍ നന്നാക്കുന്നതിന് രണ്ട് കോടിയോളം രൂപ നല്‍കണമെന്നുമായിരുന്നു ട്രാഫിക് പോലിസ് റിപ്പോര്‍ട്ട്. മുജീബ് ഓടിച്ചിരുന്ന കാറിന്റെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞതിനാല്‍ ഈ തുക നല്‍കേണ്ട ഉത്തരവാദിത്തം മുഴുവന്‍ അദ്ദേഹത്തിന്റെ പേരിലായി. പോലിസ് കസ്റ്റഡിക്കു ശേഷം മുജീബിനെ ജിദ്ദയിലെ ദഅബാന്‍ ജയിലിലേക്ക് മാറ്റി. ജയില്‍വാസം അനന്തമായി നീണ്ടതോടെ ഇദ്ദേഹത്തിന്റെ മോചനത്തിനായി ജിദ്ദയിൽ മലയാളികള്‍ സഹായസമിതി രൂപീകരിച്ചു രംഗത്തിറങ്ങി. കേസ് നിയമപരമായി നേരിട്ടപ്പോൾ നഷ്ടപരിഹാരം ഒന്നും നല്‍കാതെ തന്നെ ഇദ്ദേഹത്തിന് മോചനം സാധ്യമാവുകയായിരുന്നു. മോചനത്തിനായി രൂപീകരിച്ച സഹായസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇതോടെ അവസാനിപ്പിച്ചതായി സഹായസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ചു വര്‍ഷമായി നാട്ടിൽ പോവാൻ കഴിയാതിരുന്ന മുജീബ് അവധിയില്‍ നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ്.

ഏതു കേസിനെയും നിയമപരമായി നേരിട്ടാല്‍ നീതി ലഭിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുജീബിന്റെ മോചനമെന്നും രക്ഷപ്പെടുത്താമെന്ന് പറഞ്ഞു പണം വാങ്ങി തട്ടിപ്പ് നടത്തുന്നവരെ കരുതിയിരിക്കണമെന്നും സഹായസമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. അബ്ദുൾറഹ്മാൻ, ഹിഫ്‌സുറഹ്മാൻ, അബ്ദുൽ ഹഖ്, ഇസ്മയിൽ കല്ലായി, ഷിയാസ് ഇമ്പാല, കെടിഎ മുനീർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News