നിയമലംഘകര്‍ക്കായുള്ള പരിശോധന; സൌദിയില്‍ പിടിയിലായവരുടെ എണ്ണം ഒന്നര ലക്ഷമായി

Update: 2018-04-22 18:46 GMT
Editor : Jaisy
നിയമലംഘകര്‍ക്കായുള്ള പരിശോധന; സൌദിയില്‍ പിടിയിലായവരുടെ എണ്ണം ഒന്നര ലക്ഷമായി
Advertising

നിയമലംഘകരില്ലാത്ത രാജ്യം ക്യാമ്പയിന്റെ ഭാഗമായുള്ള പരിശോധനയുടെ കണക്കുകളാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടത്

സൌദിയില്‍ പൊതുമാപ്പിന് ശേഷം ആരംഭിച്ച നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായവരുടെ എണ്ണം ഒന്നര ലക്ഷമായി. നിയമലംഘകരില്ലാത്ത രാജ്യം ക്യാമ്പയിന്റെ ഭാഗമായുള്ള പരിശോധനയുടെ കണക്കുകളാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടത്. തൊഴില്‍ നിയമലംഘനത്തിന് മലയാളികളടക്കം നാല്‍പതിനായിരത്തോളം പേരാണ് അകത്തായത്.

നവംബര്‍ പതിനഞ്ചിന് ശേഷമാരംഭിച്ച പരിശോധനയാണ് ശക്തമാക്കിയത്. 16 ദിവസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയത് ഒന്നരലക്ഷത്തോളം പേരാണ്. ഇഖാമ നിയമലംഘനത്തിന് തൊണ്ണൂറായിരത്തോളം പേരാണ് പിടിയിലായത്. തൊഴില്‍ നിയമ ലംഘനത്തിന് പിടിയിലായ നാല്‍പതിനായിരത്തോളം പേരില്‍ നിരവധി ഇന്ത്യക്കാരുമുണ്ട്. ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്യുന്നവരാണ് പിടിയിലായത്.
ഇതില്‍ കുറേ പേരെ പിടികൂടിയത് കമ്പനിയിലും തൊഴിലിടങ്ങളിലും നടത്തിയ പരിശോധനയിലാണ്. രാജ്യത്തേക്കുള്ള അതിര്‍ത്തി ലംഘിച്ചെത്തിയ പതിനയ്യായിരത്തിലേറെ പേരെയും അറസ്റ്റ് ചെയ്തു. ഇതില്‍ ഭൂരിഭാഗവും യമനികളും എത്യോപ്യക്കാരുമാണ്. നിയമ ലംഘകര്‍ക്ക് സൌകര്യം ചെയ്തുകൊടുത്തതിന് 416 വിദേശികളാണ് പിടിയിലായത്. താമസ സൌകര്യം നല്‍കിയവരുമുണ്ടിതില്‍. സൌകര്യം നല്‍കിയ 67 സൌദി പൌരന്മാരും അകത്തായി. ഇവരില്‍ 45 പേരെ നടപടിക്ക് ശേഷം വിട്ടയച്ചു. രാജ്യത്തൊട്ടാകെ പിടിയിലായവരില്‍ 1404 സ്ത്രീകളുമുണ്ട്.
ആശ്രിത വിസയിലെത്തി ജോലി ചെയ്ത് പിടിയിലായവരും ഇവരിലുണ്ട്. കാല്‍ലക്ഷത്തോളം വിദേശികളെ ഇതിനകം നാടു കടത്തി. ഇവര്‍ക്കിനി സൌദിയിലേക്ക് മടങ്ങിവരാനാകില്ല. നാടുകടത്തല്‍ നടപടിക്കായി പതിനേഴായിരം പേരെ വിവിധ എംബസികള്‍ക്ക് കൈമാറിയിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News