സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് കുവൈത്ത്; ലക്ഷക്കണക്കിന് പ്രവാസികളുടെ ജോലിക്ക് ഭീഷണി
കുവൈത്ത് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന സാമ്പത്തിക പരിഷ്കരണ രൂപരേഖ സമ്പൂര്‍ണ സ്വദേശിവത്കരണം ശിപാര്‍ശ ചെയ്യുന്നതായി റിപ്പോര്‍ട്ട്.
കുവൈത്ത് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന സാമ്പത്തിക പരിഷ്കരണ രൂപരേഖ സമ്പൂര്‍ണ സ്വദേശിവത്കരണം ശിപാര്‍ശ ചെയ്യുന്നതായി റിപ്പോര്‍ട്ട്. സ്വദേശികള്‍ ജോലിചെയ്യാന്‍ താല്‍പര്യം കാണിക്കാത്ത അവിദഗ്ധ തസ്തികളില്‍ പോലും വിദേശികള്‍ക്ക് നിയമനം നല്‍കരുതെന്നാണ് രൂപരേഖ നിര്‍ദേശിക്കുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളിലെ ഡ്രൈവര്‍, ഫര്‍റാഷ്, മന്‍ദൂബ് പോലുള്ള അവിദഗ്ധ തസ്തികളില്‍ ജോലി ചെയ്യുന്നതിനു പൊതുവെ സ്വദേശികള്‍ താത്പര്യം കാണിക്കാറില്ല. ഇത്തരം തസ്തികകളില്‍ പോലും വിദേശികള്‍ക്ക് നിയമനം നല്‍കരുതെന്നാണ് സാമ്പത്തിക പരിഷ്കരണ രൂപരേഖ ശിപാര്‍ശ ചെയ്യുന്നത്. സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ ഭരണകാര്യാലയങ്ങള്‍, സാങ്കേതിക മേഖലകള്‍ എന്നിവയില്‍ സ്വദേശിവത്കരണം വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. അതേസമയം, വിദഗ്ധ തസ്തികകളില്‍ വിദേശികളുടെ നിയമനം പരിമിതപ്പെടുത്തുകയാണ് ചെയ്യുക. സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിന്റെ മുന്നോടിയായി സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കണക്ക് നല്‍കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാരിന്റെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഏതെല്ലാം രാജ്യക്കാരാണ് ജോലി ചെയ്യുന്നതെന്ന് കൃത്യമായ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ജോലിക്കായി സിവില്‍ സര്‍വീസ് കമ്മീഷനില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്ന സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നത് വേഗത്തിലാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വരുമാനമാര്‍ഗങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുക, പൊതുചെലവ് ചുരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സാമ്പത്തിക പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായുണ്ട്. പാര്‍ലമെന്റ് അംഗങ്ങളും ധനകാര്യ സമിതിയും മുന്നോട്ടുവെച്ച വിവിധ നിര്‍ദേശങ്ങള്‍ ഏകോപിപ്പിച്ച് ധനകാര്യമന്ത്രി അനസ് അസ്സാലിഹാണ് സാമ്പത്തിക പരിഷ്‌കരണ പദ്ധതിക്ക് അന്തിമ രൂപരേഖ തയാറാക്കുന്നത്.