സൗദി സ്വകാര്യ മേഖലയില്‍ ആഴ്ചയില്‍ 2 ദിവസം അവധി; നിയമഭേദഗതി സല്‍മാന്‍ രാജാവിന്റെ പരിഗണനയില്‍
ശൂറ കൗണ്‍സിലിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്
സൗദി സ്വകാര്യ മേഖലയില്‍ ആഴ്ചയില്‍ അഞ്ച് ദിവസം ജോലിയും രണ്ട് ദിവസം അവധിയും എന്ന നിയമഭേദഗതി സല്‍മാന്‍ രാജാവിന്റെ പരിഗണനയില്‍. ശൂറ കൗണ്‍സിലിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ശൂറ അംഗീകരിച്ച നിയമഭേദഗതിയാണ് രാജാവിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നത്. സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കാനാണ് സമയമാറ്റം നടപ്പാക്കുന്നത്
നിലവില്‍ ഭൂരിപക്ഷം സ്ഥാപനങ്ങളിലും പ്രാബല്യത്തിലുള്ള ആറ് ദിവസം ജോലി, ആഴ്ചയില്‍ 48 മണിക്കൂര്‍ എന്നത് ആഴ്ചയില്‍ അഞ്ച് ദിവസം ജോലിയും 40 മണിക്കൂറുമാക്കി ചുരുക്കുന്നതിനെക്കുറിച്ചാണ് ശൂറ കൌണ്‍സില്‍ ശിപാര്‍ശ ചെയ്തത്. സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ജോലി സമയം കുറക്കാതെ കഴിയില്ലെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തി ജോലി ദിവസവും സമയവും കുറക്കണമെന്ന നിര്‍ദേശം രാജാവിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ 2016 ഫെബ്രുവരി രണ്ട് മുതലുള്ള ശൂറയുടെ നിര്‍ദേശം രാജാവിന്റെ അംഗീകാരത്തിനും മന്ത്രിസഭയുടെ തീരുമാനത്തിനും കാത്തിരിക്കയാണ്. ഈ സാഹചര്യത്തില്‍ ശൂറ വിഷയം വീണ്ടും ചര്‍ച്ച ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ശൂറയില്‍ കടുത്ത വിവാദത്തിനും ചൂടേറിയ ചര്‍ച്ചക്കും വിഷയമായതിന് ശേഷമാണ് കഴിഞ്ഞ തവണ തീരുമാനം ഉന്നത സമിതിക്ക് സമര്‍പ്പിച്ചത്. ജോലി സമയം കുറക്കുന്നത് രാജ്യത്തെ സ്വകാര്യ മേഖലയില്‍ നിലവിലുള്ള 80 ലക്ഷത്തിലധികം വരുന്ന വിദേശി ജോലിക്കാര്‍ക്കാണ് ഏറെ ഉപകരിക്കുക എന്നതായിരുന്ന എതിര്‍പ്പിന് കാരണം. എന്നാല്‍ സര്‍ക്കാര്‍ മേഖലയില്‍ അഞ്ച് ദിവസം 35 മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ സ്വകാര്യ മേഖലയില്‍ 48 മണിക്കൂര്‍ തൊഴിലെടുക്കാന്‍ സ്വദേശി യുവാക്കള്‍ തയ്യാറാവില്ലെന്നാണ് ഭേദഗതിയെ അനുകൂലിച്ചവര്‍ ഉന്നയിച്ച ന്യായം. സ്വകാര്യ മേഖലയിലെ 20 ലക്ഷത്തിലധികം സ്വദേശി ജോലിക്കാര്‍ വിഷയത്തില്‍ തീരുമാനം പ്രതീക്ഷിച്ചിരിക്കയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.