നടുമുറ്റം വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍, വിഷു ആഘോഷം
ഖത്തറിലെ കള്‍ചറല്‍ ഫോറം, നടുമുറ്റം വനിതാ കൂട്ടായ്മയുടെ ഭാഗമായി ഈസ്റ്റര്‍ വിഷു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
ഖത്തറിലെ കള്‍ചറല്‍ ഫോറം, നടുമുറ്റം വനിതാ കൂട്ടായ്മയുടെ ഭാഗമായി ഈസ്റ്റര്‍ വിഷു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന കേക്ക്, പായസം പാചക മത്സരത്തില്‍ വനിതകളുടെ സജീവ സാന്നിദ്ധ്യമാണ് കാണാനായത്.
വനിതകള്‍ക്കായുള്ള കള്‍ച്ചറല്‍ ഫോറത്തിന്റെ പുതിയ കൂട്ടായ്മയായ നടുമുറ്റത്തിന്‍രെ ആഭിമുഖ്യത്തിലാണ് കേക്ക്, പായസം പാചക മത്സരം സംഘടിപ്പിച്ചത്. ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ ഭാഗമായി നടന്ന മത്സരത്തില്‍ ദോഹയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നൂറിലധികം വനിതകള്‍ പങ്കെടുത്തു. നുഐജയിലെ കള്‍ച്ചറല്‍ ഫോറം ആസ്ഥാനത്താണ് പരിപാടി നടന്നത്.
വ്യത്യസ്ത രുചികള്‍ക്കപ്പുറം മനോഹരമായി അലങ്കരിച്ച പലതരം കേക്കുകളാണ് മത്സരാര്‍ത്ഥികള്‍ ഒരുക്കിയത്. റസിയാ അല്‍താഫ് ഒന്നാംസ്ഥാനവും റോഷ്‌നി നിയാസ് രണ്ടാം സ്ഥാനവും ജമീല മമ്മു മൂന്നാം സ്ഥാനവും നേടി. മുളയരി പായസവും ഇളനീര്‍ പായസവും മുതല്‍ ടര്‍ക്കിഷ് ഖോയാ പായസം വരെ ഒട്ടേറെ വൈവിധ്യങ്ങളാണ് പായസ മത്സരത്തില്‍ കണ്ടത്. ഫൗസിയ അബ്ദുറഹ്മാന്‍ ഒന്നാംസ്ഥാനം നേടി. ഷംന അഷ്‌റഫ് രണ്ടാം സ്ഥാനവും ഫര്‍സീന അനസ് മൂന്നാം സ്ഥാനവും നേടി.
ദോഹയിലെ പ്രഗത്ഭരായ പാചക വിദഗ്ധരാണ് ജൂറികളായെത്തിയത്. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റുമാരായ റജീന അലി, തോമസ് സകറിയ, ജനറല്‍ സെക്രട്ടറി റോണി മാത്യൂ സെക്രട്ടറി യാസര്‍, നൂര്‍ജഹാന്‍ ഫൈസല്‍ തുടങ്ങിയവര്‍ സമ്മാന വിതരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിച്ചു.