യുഎഇയിൽ താപനില വീണ്ടും ഉയർന്നു, കടുത്ത ചൂട് വരും ദിവസങ്ങളിലും തുടരും
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ 49 ഡിഗ്രി വരെ ഉയർന്ന ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്
എഇയിൽ താപനില വീണ്ടും ഉയർന്നു. കടുത്ത ചൂട് വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ 49 ഡിഗ്രി വരെ ഉയർന്ന ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. ദുബൈയിൽ 48ഉം ഷാർജയിൽ 49ഉം ഡിഗ്രിയായിരുന്നു ചൂട്. അൽഐൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ അമ്പത് ഡിഗ്രി വരെ താപനില ഉയർന്നതായും റിപ്പോർട്ടുണ്ട്. ഈർപ്പത്തിന്റെ അളവും ഗണ്യമായി ഉയർന്നു.
ചൂട് കൂടിയതോടെ പുറത്തു ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സജീവമാണ്. ഈ മാസം 15 മുതലാണ് യുഎഇയിൽ മധ്യാഹ്ന ഇടവേള നിയമം നടപ്പാക്കിയത്. അടുത്ത മൂന്നു മാസം വരെ നിയമം നിലനിൽക്കും. മിക്കവാറും സ്ഥാപനങ്ങൾ നിയമം നടപ്പാക്കുന്നുണ്ടെന്നാണ് തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിൽ തെളിഞ്ഞത്.
അതിനിടെ, വൈദ്യുതി ഉപയോഗത്തിൽ പരമാവധി ജാഗ്രത പുലർത്തയണമെന്ന് ദുബൈ വൈദ്യുതി,ജല അതോറിറ്റി അഭ്യർഥിച്ചു. ഉച്ചക്ക് 12 മുതൽ വൈകീട്ട് ആറു വരെയാണ് ഏറ്റവുമധികം വൈദ്യുതി ഉപയോഗം നടക്കുന്ന സമയം. ഈ നേരത്ത് ഉപയോഗം പരമാവധി വൈദ്യുതി നിയന്ത്രിക്കാനാണ് നിർദേശം. 2030 ആകുമ്പോഴേക്കും വൈദ്യുതി ഉപയോഗം 30 ശതമാനം കുറക്കുക എന്നതാണ് ദുബൈയുടെ സമഗ്ര ഊർജ്ജ നയം. 2009 മുതൽ കഴിഞ്ഞ വർഷം വരെ വൈദ്യുതിയുടെ ഗാർഹിക ഉപയോഗത്തിൽ 19ശതമാനവും വെള്ളത്തിന്റേത് 28ശതമാനവും കുറക്കാനായി. വ്യാവസായിക മേഖലയിൽ വൈദ്യുതി ഉപയോഗത്തിൽ 10ഉം ജല ഉപയോഗത്തിൽ 30 ഉം ശതമാനം കുറവു വന്നതായും അധികൃതർ വ്യക്തമാക്കി.