സൗദിയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ യുഎന്‍ തീരുമാനം ജിസിസി രാജ്യങ്ങള്‍ സ്വാഗതം ചെയ്തു

Update: 2018-04-28 00:26 GMT
Editor : admin
സൗദിയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ യുഎന്‍ തീരുമാനം ജിസിസി രാജ്യങ്ങള്‍ സ്വാഗതം ചെയ്തു
Advertising

യമനിലെ അന്താരാഷ്ട്ര അംഗീകൃത സര്‍ക്കാരിനെ പിന്തുണക്കുന്ന സൗദി സഖ്യസേനയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തെ ജിസിസി രാജ്യങ്ങള്‍ സ്വാഗതം ചെയ്തു

യമനിലെ അന്താരാഷ്ട്ര അംഗീകൃത സര്‍ക്കാരിനെ പിന്തുണക്കുന്ന സൗദി സഖ്യസേനയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തെ ജിസിസി രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ കുട്ടികളും സേനയും എന്ന യുഎന്‍ റിപ്പോര്‍ട്ടില്‍ 60 ശതമാനം കുട്ടികളും കൊല്ലപ്പെട്ടത് സൗദി സഖ്യസേനയുടെ ആക്രമണത്തിലാണെന്ന് സൂചിപ്പിച്ചിരുന്നു. ഇതിനെതിരെ സൗദി അടക്കം ജിസിസി രാജ്യങ്ങള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

സഖ്യസേന കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ ആക്രമണത്തില്‍ യമനില്‍ 510 കുട്ടികള്‍ കൊല്ലപ്പെടുകയും 667 കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി യുഎന്‍ റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. ഇതിനു നേതൃത്വം കൊടുത്തത് സൗദി സഖ്യ സേനയാണ് എന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎന്‍ സംയുക്ത അവലോകന യോഗം ഈ പരാമര്‍ശം റിപ്പോര്‍ട്ടില്‍ നിന്ന് മാറ്റിയതായി സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ അറിയിച്ചു. യുഎന്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍ സയാനി പറഞ്ഞു. യമനിലെ എല്ലാ പൌരനേയും സംരക്ഷിക്കാന്‍ സൗദി സഖ്യസേന പ്രതിജ്ഞാബദ്ധമാണെന്നും സയ്യാനി പറഞ്ഞു.

യുദ്ധതടവുകാരായിരുന്ന 54 കുട്ടികളെ സൗദി അറേബ്യ തിരിച്ചേല്‍പ്പിച്ചതായി യമന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ മാലിക്‌ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. ഹൂതികള്‍ കുട്ടികളെ കരുവാക്കുന്നതായും അദ്ദേഹം ആരോപിച്ചു. അതേസമയം സഖ്യ സേനയെ കുറ്റവാളി പട്ടികയില്‍ നിന്ന് എടുത്തു കളഞ്ഞത് പിന്നീട് ചര്‍ച്ചക്ക് വിധേയാമാക്കരുതെന്ന് സൌദിയുടെ യുഎസ് സ്ഥാനപതി അബ്ദുള്ള അല്‍ മുഅല്ലമി യുഎന്നിനോട് ആവശ്യപ്പെട്ടു. യുഎന്‍ റിപ്പോര്‍ട്ടിലുള്ള മരണസംഖ്യ പെരുപ്പിച്ചു കാണിക്കുന്നതാണ് എന്ന് മുഅല്ലമി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് യഥാര്‍ഥ കണക്കളുടെ അടിസ്ഥാനത്തിലല്ല തയ്യാറാക്കിയതെന്ന് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ അഹമദ് അല്‍ അസീരി കുറ്റപ്പെടുത്തി. 2015 മാര്‍ച്ചില്‍ തുടക്കം കുറിച്ച ആക്രമണത്തില്‍ 6000 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News