ക്രൂഡോയില്‍ വില ഉയര്‍ന്നു
ഏപ്രില്‍ 17 ന് എണ്ണയുല്‍പാദക രാജ്യങ്ങളുടെ യോഗം ദോഹയില്‍ നടക്കാനിരിക്കെ ക്രൂഡോയില്‍ വില ബാരലിന് 43.17 ഡോളര്‍ നിരക്കിലേക്ക് ഉയര്‍ന്നു.
ഏപ്രില്‍ 17 ന് എണ്ണയുല്‍പാദക രാജ്യങ്ങളുടെ യോഗം ദോഹയില്‍ നടക്കാനിരിക്കെ ക്രൂഡോയില്‍ വില ബാരലിന് 43.17 ഡോളര്‍ നിരക്കിലേക്ക് ഉയര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും കൂടിയ വിലയാണിത്. വില കുതിച്ച് കയറുന്ന സാഹചര്യം ദോഹ ഉച്ചകോടിയെ കൂടുതല്‍ ശ്രദ്ധേയമാക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
എണ്ണവില തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഉല്‍പാദനം മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തര്‍ വിളിച്ചുചേര്‍ക്കുന്ന സമ്മേളനത്തില്‍ ഒപെക് അംഗങ്ങളുള്‍പ്പെടെ 12 രാജ്യങ്ങള്‍ പങ്കെടുക്കും. എണ്ണവില ഉയര്‍ത്താനുള്ള നടപടികളും തീരുമാനങ്ങളും ദോഹ സമ്മേളനത്തില്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് എണ്ണയുല്‍പ്പാദക രാജ്യങ്ങള്‍. ലോക വിപണിയില്‍ നേരിടുന്ന അധിക ലഭ്യതയാണ് എണ്ണവില കൂപ്പുകുത്താന്‍ കാരണമെന്നാണ് പൊതുവിലയിരുത്തല്‍. അതുകൊണ്ടു തന്നെ അധികവിതരണം പിടിച്ചുനിര്‍ത്താനുള്ള തന്ത്രമാകും ദോഹ സമ്മേളനം ആവിഷ്കരിക്കുക.
അമേരിക്കന്‍ ഡോളറിന് കഴിഞ്ഞ ദിവസങ്ങളില്‍ വിലിയിടിഞ്ഞതും ചൈനയില്‍ എണ്ണക്ക് ആവശ്യകത വര്‍ധിച്ചതും ദോഹ സമ്മേളനത്തെ സ്വാധീനിക്കുന്ന മികച്ച സൂചനകളാണ്. ഉല്‍പാദനം മരവിപ്പിക്കുക എന്നത് സമ്മേളനത്തിന്റെറ പ്രധാന അജണ്ടയായിരിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സൗദി അറേബ്യ, റഷ്യ, കുവൈത്ത്, യു.എ.ഇ, വെനിസ്വേല, നൈജീരിയ, അള്‍ജീരിയ, ഇന്തോനേഷ്യ, ഇക്വഡോര്‍, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ് ദോഹയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.