സൌദിയില്‍ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം
കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്റെ അദ്ധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം
സൗദിയില്‍ പെട്രോള്‍ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയില്‍ വര്‍ദ്ധനവിന് നടപ്പാക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്റെ അദ്ധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. പരസ്യപ്പലകകള്‍ക്കുള്ള നഗരസഭ ഫീസ് വര്‍ധിപ്പിക്കാനും അനുമതി നല്‍കി.
വാഹനം കൊണ്ട് പൊതുനിരത്തില്‍ കളിക്കുകയും യാത്രക്കാര്‍ക്കും ഇതര വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനാണ് മന്ത്രിസഭയുടെ തീരുമാനം. ആദ്യ തവണ 20,000 റിയാല്‍ പിഴയും 15 ദിവസം വാഹനം തടഞ്ഞുവെക്കലുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ വര്‍ദ്ധിക്കും. മൂന്നാം തവണയും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് 60,000 റിയാല്‍ പിഴ നല്‍കി വാഹനം പൂര്‍ണമായും പിടിച്ചെടുത്ത് കോടതിയെ ഏല്‍പിക്കുകയും ചെയ്യും. മോഷ്ടിച്ചതോ വാടക്കക്കെടുത്തതോ ആയ വാഹനങ്ങള്‍ തടഞ്ഞുവെക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ വാഹനമോടിച്ചയാള്‍ക്ക് തടവ് ശിക്ഷ ലഭിക്കും.അപകടത്തില്‍ പെട്ട വാഹനം ഉത്തരവാദപ്പെട്ടവരുടെ അനുവാദം കൂടാതെ മാറ്റിയാല്‍ 10,000 റിയാല്‍ വരെ പിഴയും മൂന്ന് മാസം തടവും ലഭിക്കും. എന്നാല്‍ അപകടത്തില്‍ പരിക്കേറ്റവരെ മറ്റു വാഹനങ്ങളില്‍ ചികില്‍സക്കായി കൊണ്ടുപോകാം.
നിയമാനുസൃതമല്ലാത്ത നമ്പര്‍ പ്ളേറ്റ് ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷ 500 റിയാലായിരുന്നത് 1,000 മുതല്‍ 2,000 വരെയാക്കി ഉയര്‍ത്തി. ഔദ്യോഗിക സര്‍ക്കാര്‍ വാഹനങ്ങളുടെ ചിഹ്നം വ്യാജമായി വാഹനത്തില്‍ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ 500 റിയാലില്‍ നിന്ന് 3,000 മുതല്‍ 6,000 റിയാല്‍ വരെയാക്കി വര്‍ധിപ്പിച്ചു. വാഹനം തിരിച്ചറിയുന്നതിനുള്ള അടിസ്ഥാന അടയാളങ്ങള്‍ മായ്ച്ചുകളഞ്ഞാലുള്ള ശിക്ഷ 500 റിയലില്‍ നിന്ന് 5,000 മുതല്‍ 10,000 റിയാലാക്കി വര്‍ധിപ്പിച്ചു. പരസ്യപ്പലകകളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ തദ്ദേശഭരണ മന്ത്രാലയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കയിട്ടുണ്ട്. ചതുരശ്ര മീറ്ററിന് 100 മുതല്‍ 400 റിയാല്‍ വരെയാണ് നഗരസഭ ഫീസ് ഇടാക്കുക. ഇലക്ട്രോണിക് പരസ്യപ്പലകകളുടെ അളവുകണക്കാക്കാന്‍ വകുപ്പുമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് നഗരസഭകള്‍ക്ക് തീരുമാനമെടുക്കാന്‍ മന്ത്രിസഭ അധികാരം നല്‍കിയിട്ടുണ്ട്.