പണമയക്കാന്‍ വിദേശികള്‍ക്ക് നികുതി: എതിര്‍പ്പുമായി ഒരു വിഭാഗം കുവൈത്ത് എംപിമാര്‍

Update: 2018-05-02 20:52 GMT
പണമയക്കാന്‍ വിദേശികള്‍ക്ക് നികുതി: എതിര്‍പ്പുമായി ഒരു വിഭാഗം കുവൈത്ത് എംപിമാര്‍
Advertising

റെമിറ്റൻസ് ടാക്സ് ശരീഅത്ത് വിരുദ്ധമാണെന്നും എംപിമാരിൽ ചിലർ

Full View

വിദേശികൾ നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി ഏർപ്പെടുത്തണമെന്ന നിർദേശം അസംബന്ധമെന്ന് കുവൈത്ത് പാർലിമെന്റിലെ ഒരു വിഭാഗം അംഗങ്ങൾ. നികുതി നിർദേശം പാർലിമെന്റിലെ നിയമകാര്യ സമിതി ചർച്ചക്കെടുത്ത സാഹചര്യത്തിലാണ് എംപിമാരുടെ പ്രതികരണം. റെമിറ്റൻസ് ടാക്സ് ശരീഅത്ത് വിരുദ്ധമാണെന്നും എംപിമാരിൽ ചിലർ അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര നാണ്യനിധിയുടെ മുന്നറിയിപ്പ് അവഗണിച്ചു റെമിറ്റൻസ് ടാക്സ് നിർദേശവുമായി മുന്നോട്ടു പോകാനുള്ള സർക്കാർ നീക്കത്തിന് പാർലമെന്റിലെ ഒരു വിഭാഗത്തിന്റെ കടുത്ത എതിർപ്പ് തിരിച്ചടിയായിരിക്കുകയാണ്. വിനിമയ നികുതി ഏർപ്പെടുത്തുന്നത് കുവൈത്ത് ജനതയും വിദേശികളും തമ്മിലുള്ള ആത്മബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുമെന്ന അഭിപ്രായമാണ് നിർദേശത്തെ എതിർക്കുന്ന പാർലമെന്റ് അംഗങ്ങൾക്കുള്ളത്. വിദേശികളുടെ വർദ്ധിച്ച സാന്നിധ്യവും അത് ജനസംഖ്യാനുപാതത്തിൽ ഉണ്ടാക്കിയ അസന്തുലിതത്വവും സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നുണ്ട് എന്നത് ശരി വെക്കുമ്പോൾ തന്നെ നിയമപരമായി റിക്രൂട്ട് ചെയ്യപ്പെട്ട വിദേശികൾക്ക് മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നാണ് വിമത വിഭാഗത്തിന്റെ നിലപാട്.

അനധികൃത മാര്‍ഗങ്ങളിലൂടെ രാജ്യത്തെത്തിയ അവിദഗ്ധ തൊഴിലാളികളെ നാടുകടത്തുന്നതിനും ഇവരെ റിക്രൂട് ചെയ്തു കൊണ്ട് വന്ന വിസക്കച്ചവടക്കാരെ നിയമത്തിനു മുന്നിൽ കൊണ്ട് വരുന്നതിനും സർക്കാർ മുൻഗണന നൽകണമെന്നും എംപിമാർ ആവശ്യപ്പെട്ടു. വിദേശികൾ അവരുടെ വിയർപ്പിന്റെ കൂലി സ്വന്തം നാടുകളിലേക്ക് അയക്കുന്നതിനു നികുതി ചുമത്തുക എന്നത് ഇസ്‌ലാമിക മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നു മുഹമ്മദ് അൽ ഹായിഫ് എംപി പറഞ്ഞു. മതപരമായ കാഴ്ചപാടുകൾ മാറ്റി നിർത്തിയാൽ പോലും കുടുംബത്തെയും നാട്ടുകാരെയും വിട്ടു ഉപജീവനത്തിനായി ഇവിടെയെത്തിയ വിദേശികൾക്ക് മേൽ നികുതി ഭാരം അടിച്ചേൽപ്പിക്കുന്നത് ആശാസ്യകരമല്ല. റെമിറ്റൻസ് ടാക്സ് നടപ്പാക്കുന്നതിലൂടെ അനധികൃത ഹാവാല സംഘങ്ങൾക്ക് അവസരം കൊടുക്കലാകും എന്നും പാർലിമെന്റ് അംഗം കൂട്ടിച്ചേർത്തു.

ടാക്സ് വിഷയത്തിൽ എംപിമാർ രണ്ടു ചേരിയിലായതോടെ ഇത് സംബന്ധിച്ചു നടക്കാനിരിക്കുന്ന വോട്ടെടുപ്പ് നിർണായകമാകും. കഴിഞ്ഞ പാർലമെന്റിന്റെ തവണ ടാക്സ് നിർദേശം വോട്ടിനിട്ടപ്പോഴും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് തള്ളപ്പെടുകയായിരുന്നു.

Tags:    

Writer - ആഷിഖ് റഹ്മാന്‍

Media Student

Editor - ആഷിഖ് റഹ്മാന്‍

Media Student

Sithara - ആഷിഖ് റഹ്മാന്‍

Media Student

Similar News