ഹജ്ജിന്റെ മൂന്നാം ദിനത്തില്‍ നിര്‍വഹിക്കാന്‍ നിരവധി കര്‍മങ്ങള്‍
കര്‍മങ്ങള്‍ നിര്‍വഹിച്ച് ഇഹ്റാമില്‍ നിന്നും ഒഴിവാകുന്നതോടെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാകും
ഹജ്ജിന്‍റെ മൂന്നാം ദിനമായ ഇന്ന് തീര്‍ഥാടകര്‍ക്ക് നിരവധി കര്‍മങ്ങളാണ് നിര്‍വഹിക്കാനുള്ളത്. കര്‍മങ്ങള്‍ നിര്‍വഹിച്ച് ഇഹ്റാമില്‍ നിന്നും ഒഴിവാകുന്നതോടെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഹജ്ജ് അവസാനിക്കുന്നത് വരെ തീര്‍ഥാടകര്‍ മിനായിലെ തമ്പുകളിലാണ് താമസിക്കുക.
അറഫാ സംഗമത്തിന് ശേഷം രാത്രി മുസ്ദലിഫയില്‍ താമസിച്ച ശേഷം മിനായിലേക്ക് മടങ്ങി തുടങ്ങി. ആകാശത്തിന് താഴെ ഭൂമിക്ക് മുകളില്‍ യാതൊരു സൌകര്യവുമില്ലാതെ മുസ്ദിലിഫയില്‍ വിശ്രമിച്ച് ധാരാളമായി അള്ളാഹുവിനെ ഓര്‍ക്കുകയായിരുന്നു തീര്‍ഥാടകര്‍. പിശാചിന്‍റെ പ്രതീകാത്മക സ്തൂപമായ ജംറകളില്‍ എറിയാനുള്ള കല്ലും ശേഖരിച്ചാണ് തീര്‍ഥാടകര്‍ മിനായിലെ തമ്പുകളില്‍ തിരിച്ചെത്തുന്നത്. ഭൂരിഭാഗം തീര്‍ഥാടകരും കാല്‍നടയായാണ് തമ്പുകളിലെത്തുന്നത്. അവിടെ നിന്നും ജംറയിലെത്തി ഹാജിമാര്‍ കല്ലേറ് കര്‍മം ആരംഭിച്ചു. ജംറത്തുല്‍ അഖബയില്‍ ഏഴു കല്ലുകളാണ് ഹാജിമാര്‍ എറിയുക.
കല്ലേറിന് ശേഷം മസ്ജിദുല്‍ ഹറാമിലെത്തി ഹജ്ജിന്‍റെ ത്വവാഫ് അഥവാ കഅ്ബാ പ്രദക്ഷിണം നടത്തും. തുടര്‍ന്ന് സഫ - മര്‍വ്വ കുന്നുകള്‍ക്കിടയില്‍ പ്രയാണം നടത്തും. ബലി കര്‍മം നിര്‍വഹിച്ച് തീര്‍ഥാടകര്‍ ഹജ്ജിന്‍റ വേഷത്തില്‍ നിന്നും ഒഴിവാകും. ഇതോടെ ഹജ്ജിന്‍റെ പ്രധാന ചടങ്ങുകള്‍ അവസാനിക്കും. മിനയിൽ താമസിച്ച് ദുൽഹജ്ജ് 11, 12, 13 ദിവസങ്ങളിൽ മൂന്നു ജംറകളിൽ കല്ലെറിഞ്ഞു തീഥാടകർ മടങ്ങും. ഇതോടെ ഹജ്ജിന് സമാപനമാവും.