ആരോഗ്യ സേവന രംഗത്ത് മക്കയില്‍ വിപുല സംവിധാനങ്ങളൊരുക്കി അധികൃതര്‍
ഹാജിമാര്‍ക്ക് ഉണ്ടാവുന്ന ഒരുവിധം എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇവിടെ തന്നെ ചികിത്സ ലഭിക്കും. മൂന്ന് കോടി രൂപയുടെ മരുന്നാണ് ഇന്ത്യയില്‍ നിന്ന് എത്തിച്ചത്.
മക്കയിലെത്തുന്ന ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളും സേവനങ്ങളും ഓരോ വര്‍ഷം കൂടുമ്പോഴും മെച്ചപ്പെടുത്തുകയാണ് ഹജ്ജ് മിഷന്‍ അധികൃതര്‍. ഇതര മേഖലകളെ പോലെ ആരോഗ്യ സേവന രംഗത്തും വിപുലമായ സംവിധാനങ്ങളാണ് മക്കയില്‍ ഒരുക്കിയത്. രണ്ട് ആശുപത്രികളും നൂറ്റി എഴുപത് ഡോക്ടര്‍മാരും തീര്‍ഥാടകരുടെ സേവനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
മക്കയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ താല്‍കാലികമായി ഒരുക്കിയ ആശുപത്രികള്‍ ഹാജിമാരുടെ ആരോഗ്യ പരിചരണത്തില്‍ മികച്ച സേവനമാണ് നടത്തുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറ്റമറ്റ സംവിധാനങ്ങളോടെയാണ് ഇത്തവണ ആശുപത്രികള്‍ സജ്ജമാക്കിയത്.ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ താമസിക്കുന്ന അസീസിയയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ആശുപത്രിയില്‍ 40 കിടക്കകളുണ്ട്. മസ്ജിദുല്‍ ഹറാമിന് സമീപം ഖുദാഇയില്‍ 50 കിടക്കകളുള്ള ആശുപത്രിയും പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ 15 ബ്രാഞ്ച് ഡിസ്പന്‍സറികളില്‍ നിന്നും 24 മണിക്കൂറും വൈദ്യസഹായം ലഭിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 170 ഡോക്ടര്‍മാരും 180 പാരാമെഡിക്കല്‍ ജീവനക്കാരും ഹാജിമാരുടെ ആരോഗ്യസേവനത്തിനായുണ്ട്.
ഹാജിമാര്‍ക്ക് ഉണ്ടാവുന്ന ഒരുവിധം എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇവിടെ തന്നെ ചികിത്സ ലഭിക്കും. മൂന്ന് കോടി രൂപയുടെ മരുന്നാണ് ഇന്ത്യയില്‍ നിന്ന് എത്തിച്ചത്. ലബോറട്ടറികള്‍, എക്‌സ്‌റേ, സ്‌കാനിംങ് തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. കൂടുതല്‍ ഗൗരവമുള്ള രോഗമോ പരിക്കോ ഉള്ളവരെ സൗദി സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റും. ഹജ്ജ് ദിനങ്ങളില്‍ അറഫ, മിന എന്നിവിടങ്ങളിലും ഹജ്ജ് മിഷന്റെ മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തിക്കും.