ദുബൈയില്‍ കാറുകള്‍ വില്‍ക്കാനും വാങ്ങാനും പുതിയ നടപടിക്രമങ്ങള്‍
വാഹനത്തിന്റെ കൈമാറ്റ നടപടികള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം
ദുബൈയില്‍ കാറുകള്‍ വില്‍ക്കാനും വാങ്ങാനും പുതിയ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തി. വാഹനത്തിന്റെ കൈമാറ്റ നടപടികള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനായി അംഗീകൃത വാഹന ഷോറൂമുകളില്‍ ആര്‍.ടി.എ സംവിധാനം ഏര്‍പ്പെടുത്തി.
കാറുകള്‍ വില്‍ക്കാനും വാങ്ങാനും ആഗ്രഹിക്കുന്നവര്‍ ആര്‍.ടി.എ അംഗീകൃത ഷോറൂമുകളെ സമീപിക്കുകയാണ് വേണ്ടത്. ഓണ്‍ലൈന്‍ സംവിധാനത്തില്‍ വില്‍ക്കുന്നയാളുടെയും വാങ്ങുന്നയാളുടെയും വിവരങ്ങളും വാഹനത്തിന്റെ വിശദാംശങ്ങളും രേഖപ്പെടുത്തണം. വില്‍ക്കാനുള്ള വാഹനത്തിന്റെ രേഖകള്‍ മുദ്ര വെച്ച കവറില്‍ ആക്കിയശേഷം ഇരുകക്ഷികളും ആര്‍.ടി.എയുടെ ഉപഭോക്തൃ സേവന കേന്ദ്രത്തിലെത്തണം. ഇവിടെ രേഖകള്‍ പരിശോധിക്കും. തിരിച്ചറിയല്‍ രേഖകള്‍ കൂടി പരിശോധിച്ച് വില്‍പന കരാറിന് രൂപം നല്‍കും. ഉപഭോക്തൃ സേവന കേന്ദ്രത്തില്‍ നിന്നോ ആര്‍.ടി.എ വെബ്സൈറ്റില്‍ നിന്നോ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാം.
വാങ്ങുന്നയാളുടെയും വില്‍ക്കുന്നയാളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്നതാണ് ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പ്രത്യേകത. അപേക്ഷിക്കുന്ന വേളയില്‍ ഇരുകക്ഷികളും നേരിട്ട് ഹാജരാകണമെന്നതിനാല്‍ തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ കഴിയും. ഉടമയറിയാതെ വാഹനത്തിന്റ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും നമ്പര്‍ പ്ളേറ്റും കൈമാറാന്‍ സാധിക്കില്ല. വില്‍പന കരാറായാല്‍ വില്‍ക്കുന്നയാള്‍ക്ക് വാഹനത്തിന് മേല്‍ യാതൊരു അവകാശവും ഉണ്ടാവില്ല. എന്നാല്‍ നിശ്ചിത കാലാവധിക്കകം കൈമാറ്റ നടപടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാര്‍ റദ്ദാകും. 50 ശതമാനം നടപടിക്രമങ്ങള്‍ വാഹന ഷോറൂമുകളില്‍ തന്നെ പൂര്‍ത്തിയാക്കുന്നതിനാല്‍ ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലെ കാലതാമസവും ഒഴിവാകും. ദുബൈയിലെ വിവിധ വാഹന ഷോറൂമുകളുമായി പുതിയ സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് ആര്‍.ടി.എ കരാറിലത്തെിയിട്ടുണ്ട്.