തമിഴ്നാട് സ്വദേശികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍
കേസിൽ അപ്പീൽ നൽകേണ്ട സമയം ജൂലൈ 30 ന് അവസാനിക്കാനിരിക്കെയാണ് ബന്ധുക്കൾ പരമോന്നത കോടതിയെ സമീപിച്ചത്.
ഖത്തറില്‍ സ്വദേശി വനിതയെ വധിച്ച കേസിൽ ,രണ്ട് തമിഴ്നാട് സ്വദേശികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഖത്തർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. കേസിൽ അപ്പീൽ നൽകേണ്ട സമയം ജൂലൈ 30 ന് അവസാനിക്കാനിരിക്കെയാണ് ബന്ധുക്കൾ പരമോന്നത കോടതിയെ സമീപിച്ചത്.
81 കാരിയായ സ്വദേശി വനിതയെ വീട്ടില്‍ കയറി വധിച്ച കേസിലാണ് മൂന്ന് തമിഴ്‌നാട്ടുകാര്‍ക്കെതിരെ ഖത്തര്‍ അപ്പീല്‍ കോടതി ശിക്ഷ വിധിച്ചത് .ഇവരില്‍ ആദ്യരണ്ടു പ്രതികളായ തമിഴ്‌നാട് വില്ലുപുരം സ്വദേശി അളഗപ്പ സുബ്രഹ്മണ്യന്‍, വിരുദനഗര്‍ സ്വദേശി ചിന്നദുരൈ പെരുമാള്‍ എന്നിവരെ വെടി വെച്ചു കൊല്ലാന്‍ വിധിച്ച കോടതി മൂന്നാം പ്രതിയായ സേലം സ്വദേശി ശിവകുമാര്‍ അരസന് ജീവ പര്യന്തം തടവും വിധിച്ചു . കീഴ്‌കോടതി വിധിയെ ശരിവെച്ചു കൊണ്ടുള്ള അപ്പീല്‍ കോടതി വിധി വന്നത് മെയ് 30 നായിരുന്നു. ഇതിനെതിരെ സുപ്രിം കോടതിയെ സമീപിക്കാന്‍ 60 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തു . അപ്പീല്‍ കാലാവധി ജൂലൈ 30 ന് അവസാനിക്കാനിരിക്കെ ഖത്തറിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ നിസാര്‍ കോച്ചേരി മുഖേനയാണ് ബന്ധുക്കള്‍ സുപ്രിം കോടതിയെ സമീപിച്ചത് . സ്വദേശി അഭിഭാഷകന്റെ സഹായത്തോടെ ഭാഷ അറിയാത്ത പ്രതികള്‍ക്ക് വേണ്ടി പരമോന്നത നീതിപീഠത്തെ സമീപിച്ച കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ധന സഹായം നല്‍കിയിട്ടുമുണ്ട് .ചെന്നൈയിലെ അഭിഭാഷകനായ സുരേഷ്കുമാര്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടുകയും ഖത്തറിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കുകയും ചെയ്തിരുന്നു .ഈ ആവശ്യാര്‍ത്ഥമാണ് ഇദ്ദേഹം ഇപ്പോള്‍ ദോഹയിലെത്തിയത്.