ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹെല്‍പ് ഡസ്ക്

Update: 2018-05-07 08:51 GMT
Editor : admin
ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹെല്‍പ് ഡസ്ക്
Advertising

ഇന്ത്യന്‍ വര്‍ക്കേര്‍സ് റിസോര്‍സ് സെന്റര്‍ എന്ന പേരിലായിരിക്കും പുതിയ ഹെല്‍പ് ഡെസ്‌ക് അറിയപ്പെടുക

ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹാരം കാണുന്നതിനുമായി ജിദ്ദ കോണ്‍സുലേറ്റില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് അടുത്ത മാസം അഞ്ചു മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക് പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഡയറക്ടര്‍ ആയി സ്ഥലം മാറി പോവുന്ന ബി.എസ് മുബാറക് അടുത്ത ആഴ്ച സൗദി വിടും.

ഇന്ത്യന്‍ വര്‍ക്കേര്‍സ് റിസോര്‍സ് സെന്റര്‍ എന്ന പേരിലായിരിക്കും പുതിയ ഹെല്‍പ് ഡെസ്‌ക് അറിയപ്പെടുക. അവധി ദിവസങ്ങളിലടക്കം ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെന്ററില്‍ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ സേവനം ലഭ്യമാവും. തൊഴില്‍ പ്രശ്‌നങ്ങള്‍, മരണാന്തര രേഖകള്‍ ശരിയാക്കല്‍ തുടങ്ങിയ അടിയന്തിര സേവനങ്ങളെല്ലാം സെന്ററില്‍ ലഭ്യമായിരിക്കും. നേരിട്ടും ടെലിഫോണ്‍, ഇമെയില്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും സെന്ററുമായി ബന്ധപ്പെടാവുന്നതാണെന്നും പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അറിയാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. അനധികൃത താമസക്കാരായ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. തൊഴില്‍ രംഗത്തെ സ്വദേശിവല്‍ക്കരണം ഇന്ത്യന്‍ പ്രവാസികളെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല.

ഇന്ത്യയില്‍ നിന്നും വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് പ്രത്യേകം സെക്യൂരിറ്റി തുക കെട്ടിവെക്കണമെന്ന നിയമം നടപ്പാക്കിയതിലൂടെയും തട്ടിപ്പിന് കൂട്ട് നില്‍ക്കുന്ന റിക്രൂട്ടിംഗ് കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളുന്നത് കൊണ്ടും ഈ രംഗത്തെ ചൂഷണങ്ങള്‍ ഒരു പരിധി വരെ കുറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ക്ക് പുണ്യസ്ഥലങ്ങളില്‍ ഒരുക്കുന്ന സൗകര്യങ്ങളെക്കുറിച്ച പരാതികള്‍ ഗണ്യമായി കുറക്കാന്‍ കഴിഞ്ഞുവെന്നതില്‍ താന്‍ സന്തുഷ്ടനാണെന്ന് ബി. എസ്. മുബാറക് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരില്‍ നിന്നുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതായും അദ്ദേഹം എടുത്തു പറഞ്ഞു.

മീഡിയ ഫോറം പ്രസിഡനറ് ജാഫറലി പാലക്കോട് ഉപഹാരം കൈമാറി. ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും കബീര്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയായ ബി. എസ് മുബാറക് കോണ്‍സുല്‍ ജനറലായി രണ്ടു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് മടങ്ങുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News