സൗജന്യ പാഠപുസ്തക കൈമാറ്റവുമായി ദുബൈ കെഎംസിസി
ദുബൈ കെഎംസിസി ആസ്ഥാനത്ത് നടക്കുന്ന പാഠപുസ്തക കൈമാറ്റമേള സാമ്പത്തിക പ്രതിസന്ധികാലത്ത് പ്രവാസി കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായി മാറുകയാണ്.
ദുബൈ കെഎംസിസി ആസ്ഥാനത്ത് നടക്കുന്ന പാഠപുസ്തക കൈമാറ്റമേള സാമ്പത്തിക പ്രതിസന്ധികാലത്ത് പ്രവാസി കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായി മാറുകയാണ്. മറ്റു ചിലര്‍ക്കാകട്ടെ ഇത് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുടെ വീണ്ടെടുപ്പാണ്.
കഴിഞ്ഞ ക്ലാസില്‍ പഠിച്ചു തീര്‍ന്ന പാഠപുസ്തകങ്ങളുമായി ഒരു കൂട്ടരെത്തുമ്പോള്‍, അടുത്തക്ലാസില്‍ പഠിക്കാനുള്ള പുസ്തകങ്ങളുമായി മറ്റൊരു കൂട്ടരെത്തിയിരിക്കും. സൗജന്യ പാഠപുസ്തക കൈമാറ്റത്തിലൂടെ ഇവര്‍ കൈമാറുന്നതാകട്ടെ പരസ്പര സഹായത്തിന്റെ പുതിയ പാഠങ്ങള്‍. നാട്ടില്‍ പോലും അന്യം നിന്ന് പോയ ഈ സമ്പ്രദായം ദുബൈയില്‍ കണ്ടപ്പോള്‍ എം എല്‍ എക്കും കൗതുകം. പാഠപുസ്തകങ്ങള്‍ക്ക് നല്ലൊരുതുക ചെലവിടേണ്ടി വരുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് ഈ മേള.
നൂറ് കണക്കിന് കുടുംബങ്ങളാണ് പഴയപുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാനും ആവശമുള്ളവ മറ്റുള്ളവരില്‍ നിന്ന് വാങ്ങാനും എത്തിയത്. ഗള്‍ഫിലെ പഠനം അവസാനിപ്പിച്ച് മടങ്ങുന്നതിനാല്‍ പുതിയ പുസ്തകം ആവശ്യമില്ലെങ്കില്‍ പോലും പഴയ പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്കായി ഇവിടെ ഏല്‍പിക്കാന്‍ മറന്നില്ല പലരും. ഇവിടെ കിട്ടുന്ന പുസ്തകങ്ങള്‍ക്ക് ഉണങ്ങാത്ത അച്ചടിമഷിയുടെ പുതു മണമില്ലായിരിക്കാം. പക്ഷെ, ഈ താളുകളില്‍ നന്മയുടെ വറ്റാത്ത സുഗന്ധമുണ്ട്.