ദുബൈ പൊലീസ് ശ്രീദേവിയുടെ മരണ കാരണം സ്ഥിരീകരിച്ചത് കൃത്യമായ നടപടികളിലൂടെ
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് ആരോഗ്യ വിദഗ്ധരുടെ ഉന്നത സമിതിക്ക് രൂപം നല്‍കിയാണ് ശ്രീദേവിയുടെ മരണ കാരണം അധികൃതര്‍ ഉറപ്പിച്ചത്.
സംശയങ്ങള്‍ക്കും പരാതികള്‍ക്കും ഇടനല്‍കാതെ കൃത്യമായ നടപടികളിലൂടെയാണ് ദുബൈ പൊലീസ് ശ്രീദേവിയുടെ മരണ കാരണം സ്ഥിരീകരിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് ആരോഗ്യ വിദഗ്ധരുടെ ഉന്നത സമിതിക്ക് രൂപം നല്‍കിയാണ് ശ്രീദേവിയുടെ മരണ കാരണം അധികൃതര്‍ ഉറപ്പിച്ചത്.
ശനിയാഴ്ച രാത്രി ഹോട്ടല്‍മുറിയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു എന്നാണ് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ ശ്രീദേവിയുടെ മരണം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഇത് ബാത്ത്റൂമില്‍ കുഴഞ്ഞുവീണതിന്റെ ആഘാതമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നു. റാശിദ് ആശുപത്രിയില്‍ മരിച്ച നിലയിലാണ് ശ്രീദേവിയെ എത്തിച്ചത്. മരണം ആശുപത്രിക്ക് പുറത്തായതിനാല്‍ മരണ സാഹചര്യവും മരണ കാരണവും സൂക്ഷ്മമായി വിലയിരുത്തി മാത്രം മൃതദേഹം വിട്ടുകൊടുക്കുക എന്നതാണ് ദുബൈ പൊലീസിന്റെ രീതി. അബദ്ധത്തില്‍ ബാത്ത്ടബ്ബില്‍ മുങ്ങിമരിച്ചതാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടോടെ അതുവരെയുണ്ടായ ഊഹാപോഹങ്ങളാണ് ദുബൈ പൊലീസ് തൂത്തെറിഞ്ഞത്.
അവിടം കൊണ്ടും അവസാനിപ്പിക്കാതെ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി അവശേഷിച്ച സംശയങ്ങളും ദൂരീകരിച്ചു. ഒടുവില്‍ ഉച്ചയോടെയാണ് ശ്രീദേവിയുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പ്രോസിക്യൂഷന്‍ ഉറപ്പിച്ചത്. മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളോ മാധ്യമങ്ങളുടെ കല്‍പിത കഥകളോ പൊലീസ് ഗൗനിച്ചില്ല.