ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പ്; 17 പേര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി
കേരളത്തെ പ്രതിനിധീകരിച്ച് മൂന്ന് മലയാളികള്‍ പത്രിക സമര്‍പ്പിച്ചു
ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 17 പേര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. കേരളത്തെ പ്രതിനിധീകരിച്ച് മൂന്ന് മലയാളികള്‍ പത്രിക സമര്‍പ്പിച്ചു. മലയാളി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പ്രവിശ്യയിലെ മലയാളി സംഘടനകള്‍ക്കിടയില്‍ ഉണ്ടായ അസ്വാരസ്യങ്ങളാണ് മൂന്ന് പേരുടെ നാമനിര്‍ദ്ദേശത്തിന് ഇടയാക്കിയത്.
ഭരണ സമിതി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി ഇന്നായിരുന്നു. കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ഇരുപത് പേര്‍ അപേക്ഷ കൈപ്പറ്റിയിരുന്നു. ഇവരില്‍ 17 പേരാണ് അന്തിമഘട്ടത്തില്‍ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. മലയാളികള്‍ക്കിടയില്‍ കടുത്ത മല്‍സരത്തിന് വഴി തുറന്ന് മൂന്ന് പേരാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. നിലവിലെ ഭരണ സമിതി അംഗമായ റഷീദ് ഉമര്‍, മുമ്പ് രണ്ട് തവണ സ്‌കൂള്‍ ഭരണ സമിതി അംഗമായിരുന്ന മുന്‍ ചെയര്‍മാന്‍ അബ്ദുള്ള മാന്‍ചേരി, സുനില്‍ മുഹമ്മദ് എന്നിവരാണ് മലയാളി സ്ഥാനാര്‍ത്ഥികള്‍. മലയാളി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പ്രവിശ്യയിലെ മലയാളി സംഘടനകള്‍ക്കിടയില്‍ ഉണ്ടായ അസ്വാരസ്യങ്ങളാണ് മൂന്ന് പേരുടെ നാമനിര്‍ദ്ദേശത്തിന് ഇടയാക്കിയത്.
17000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ പകുതിയിലധികം മലയാളി വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ മൂന്നായതോടെ വോട്ടുകള്‍ ഭിന്നിക്കാനാണ് സാധ്യത. ഇത് കേരളത്തെ പ്രതിനിധീകരിച്ച് ആരും തെരഞ്ഞെടുക്കപ്പെടാതിരിക്കാനും ഇടയാക്കിയേക്കും. ഏഴംഗ ഭരണ സമിതിയിലേക്ക് അഞ്ച് പേരെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുക. ഇവരില്‍ ഒരു സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഒരാള്‍ മാത്രമെ തെരഞ്ഞെടുക്കപ്പെടുകയുള്ളൂ. മെയ് നാലിനാണ് തെരഞ്ഞെടുപ്പ്. ഏപ്രില്‍ 22 വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ട്.