കുവൈത്ത് സ്വദേശിവല്‍ക്കരണം കൂടുതല്‍ ശക്തമാക്കുന്നു
എണ്ണവിലയിടിവിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാമ്പത്തിക അരക്ഷിതാവസ്ഥ മറികടക്കുന്നതിനായി ഭരണപരമായ ചെലവുകള്‍ പരമാവധി കുറക്കണം എന്നാണു എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ലഭിച്ചിരിക്കുന്ന നിര്‍ദേശം...
കുവൈത്തില്‍ കൂടുതല്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഡിപാര്‍ട്ട്‌മെന്റുകളും സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ ഒരുങ്ങുന്നു. ചെലവു ചുരുക്കലും ജനസംഖ്യാപരമായ അസന്തുലതത്വം പരിഹരിക്കലുമാണ് വിദേശി ജീവനക്കാരെ കുറക്കുന്നതിനുള്ള കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. എണ്ണവിലയിടിവിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാമ്പത്തിക അരക്ഷിതാവസ്ഥ മറികടക്കുന്നതിനായി ഭരണപരമായ ചെലവുകള്‍ പരമാവധി കുറക്കണം എന്നാണു എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ലഭിച്ചിരിക്കുന്ന നിര്‍ദേശം.
ഗവണ്‍മെന്റ് ഉദ്യോഗങ്ങളില്‍ പരമാവധി സ്വദേശികളെ നിയമിക്കുക എന്നു സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതോടൊപ്പം ജനസംഖ്യാപരമായി തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അസന്തുലിതത്വം ഇല്ലാതാക്കലും സ്വദേശിവല്‍ക്കരണ നടപടികള്‍ക്ക് ആക്കം വര്‍ദ്ധിപ്പിക്കുന്നു. ഏതായാലും മിക്ക മന്ത്രാലയങ്ങളും സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാനുള്ള ഒരുക്കത്തിലാണ്. വിദ്യാഭ്യാസമന്ത്രാലയം 450 വിദേശി അധ്യാപകരുടെ സേവനം നിലവിലെ തൊഴില്‍ കരാറിന്റെ കാലാവധി തീരുന്ന മുറക്ക് അവസാനിപ്പിക്കുമെന്നു അല്‍ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗിന് കീഴിലെ കോളേജുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശം നല്‌കേണ്ടതില്ല എന്ന് വിദ്യാഭ്യാസ മന്ത്രാലയം ഈയിടെ തീരുമാനിച്ചിരുന്നു. 400 വിദേശി ജീവനക്കാരെ പിരിച്ചു വിടാന്‍ കുവൈത്ത് മുന്‍സിപ്പാലിറ്റിയും തീരുമാനിച്ചിട്ടുണ്ട്. സാമൂഹ്യ ക്ഷേമമന്ത്രാലയത്തില്‍ വിദേശികളെ ജോലിക്ക് നിയമിക്കുന്നതിനു മന്ത്രിയുടെ പ്രത്യേക അനുമതി വാങ്ങണമെന്നാണ് തൊഴില്‍ മന്ത്രി കൂടിയായ ഹിന്ദ് അല്‍ സബീഹിന്റെ നിര്‍ദേശം.
ദിവസക്കൂലി വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരെ പിരിച്ചു വിടാനും തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം തീരുമാനിച്ചു. ഏറ്റവും കുറഞ്ഞ എണ്ണം വിദേശികള്‍ ജോലി ചെയ്യുന്ന വാര്‍ത്താവിതരണ മന്ത്രാലയവും ഉള്ള വിദേശികളെ പിരിച്ചുവിട്ടു പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. നേരിട്ട് നിയമിതരായ വിദേശി സെക്രട്ടറിമാരെ പിരിച്ചു വിട്ട് പകരം കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്‍ സഹകമ്പനികളോട് ആവശ്യപെട്ടിട്ടുണ്ട്. 27,000 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1,07,698 വിദേശികളാണ് കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നത്.