പരിസ്ഥിതി നിയമ ലംഘകര്‍ക്കെതിരെ കുവൈത്ത് നടപടി കര്‍ശനമാക്കി
രണ്ടു മാസത്തിനിടെ പരിസ്ഥിതി പോലീസ് 40000 ദിനാര്‍ പിഴ ഈടാക്കി
പരിസ്ഥിതി നിയമ ലംഘകര്‍ക്കെതിരെ കുവൈത്ത് നടപടി കര്‍ശനമാക്കി. രണ്ടു മാസത്തിനിടെ പരിസ്ഥിതി പോലീസ് 40000 ദിനാര്‍ പിഴയായി പിരിച്ചെടുത്തു. പുകവലി നിരോധം ലംഘിച്ചതിന് 520 പേര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ പോലീസ് വിമാനത്താവളത്തില്‍ പുകവലിച്ചതിനു 11 പേര്‍ക്ക് പിഴ ചുമത്തി.
കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി പോലീസ് നടത്തിയ പരിശോധനകളില്‍ ആണ് നിയമ ലംഘനങ്ങള്‍ പിടികൂടിയത്. 24 ഷോപ്പിങ് കോംപ്ളക്സുകള്‍, ഏഴ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 20 ഹോട്ടലുകള്‍, ഒമ്പത് ഫാക്ടറികള്‍, നാല് വന്‍കിട ഹോട്ടലുകള്‍ എന്നിവക്കെതിരെയാണ് പരിസ്ഥിതി നിയമം പാലിക്കാത്തതിന് കേസെടുത്തത്. 40,000 ദീനാര്‍ പിഴയാണ് വിവിധ തരത്തിലുള്ള പരിസ്ഥിതി നിയമലംഘനങ്ങളുടെ പേരില്‍ ഇവിടങ്ങളില്‍ നിന്ന് ഈടാക്കിയതെന്ന് പരിസ്ഥിതി സംരക്ഷണ അതോറിറ്റി മേധാവി ശൈഖ് അബ്ദുല്ല അല്‍അഹ്മദ് അറിയിച്ചു. സ്വദേശികളും വിദേശികളും പരിസ്ഥിതി നിയമം പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് ശൈഖ് അബ്ദുല്ല ആവശ്യപ്പെട്ടു.
ചെടി , പൂവ്, പുല്ല് എന്നിവ പറിക്കുക, മരങ്ങള്‍ മുറിക്കുക, പൂന്തോട്ടങ്ങള്‍ നശിപ്പിക്കുക, മനുഷ്യോപയോഗത്തിന് പറ്റാത്ത ഫലങ്ങളും പഴവര്‍ഗങ്ങളും വെച്ചുപിടിപ്പിക്കുക, തുടങ്ങി പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുന്ന തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിയമലംഘനങ്ങളായാണ് കണക്കാക്കുക. ഇതോടൊപ്പം പൊതുസ്ഥലത്തുള്ള പുകവലിയും പരിസ്ഥിതി നിയമലംഘനമാണ്. പുകവലിയുമായി ബന്ധപ്പെട്ട് 520 നിയമലംഘനങ്ങളാണ് കഴിഞ്ഞ രണ്ടു മാസത്തിനിടെ പിടികൂടിയത് . കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുകവലിച്ചതിന് പരിസ്ഥിതി പൊലീസ് 11 പേരെ പിടികൂടി പിഴ ചുമത്തി. 50 ദീനാര്‍ വീതമാണ് പിഴ ഈടാക്കിയത്. പരിസ്ഥിതി പൊലീസ് പ്രമുഖ വ്യാപാരകേന്ദ്രങ്ങളില്‍ നിരീക്ഷണം തുടങ്ങിയിട്ടുണ്ട്.