സൈബര്‍ കുറ്റകൃത്യം തടയാന്‍ ഇന്ത്യയും സൌദിയും ധാരണയിലേക്ക്
കരാര്‍ ഒപ്പുവെക്കുന്നതോടെ കുറ്റവാളികളെ ഇരു രാജ്യങ്ങളും കൈമാറും
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇന്ത്യയും സൗദിയും സഹകരിക്കും. ഈ മേഖല ശക്തമാക്കാനുള്ള ധാരണപത്രം ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. കരാര്‍ ഒപ്പുവെക്കുന്നതോടെ കുറ്റവാളികളെ ഇരു രാജ്യങ്ങളും കൈമാറും. നേരത്തേ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സഹകരണത്തിന് തീരുമാനിച്ചത്. ഇന്ത്യയുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നതിനും ധാരണപത്രത്തില്‍ ഒപ്പുവെക്കുന്നതിനും ആഭ്യന്തര മന്ത്രി സുഊദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. സൈബര്‍ ലോകത്തിന്റെ വികാസത്തിനനുസരിച്ച് ഈ രംഗത്തെ കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്നുണ്ടെന്ന് മന്ത്രിസഭ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കാനുള്ള തീരുമാനം.
സൈബര്‍ കുറ്റങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും നിയമാനുസൃതമുള്ള ശിക്ഷ നല്‍കാനും സൗദി അധികൃതര്‍ മുമ്പേ നടപടി സ്വീകരിച്ചിരുന്നു. വിവിധ കുറ്റങ്ങളില്‍ പ്രതിയാകുന്നവരെ കൈമാറാനുള്ള കരാര്‍ ഇന്ത്യയും സൗദിയും തമ്മില്‍ നേരത്തെ ഒപ്പുവെച്ചിരുന്നു. സൈബര്‍ ലോകത്തെ കുറ്റങ്ങള്‍ തടയാനുള്ള കരാര്‍ കൂടി ഒപ്പുവെക്കുന്നതോടെ ഈ രംഗത്തും കുറ്റവാളികളെ ഇരു രാജ്യങ്ങള്‍ക്കും കൈമാറാനാവും. ഇരു രാജ്യത്തെയും ആഭ്യന്തര മന്ത്രിമാര്‍ ഒപ്പുവെക്കുന്ന ധാരണപത്രം അന്തിമ അംഗീകാരത്തിനായി സൗദി ഉന്നതസഭക്ക് സമര്‍പ്പിക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ട്.