ആരോഗ്യ പരിപാലന മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ പദ്ധതിയുമായി ദുബൈ
എമിറേറ്റിലെ ആശുപത്രികളില്‍ സ്വദേശി ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും എണ്ണം കൂട്ടാനാണ് തീരുമാനം
ആരോഗ്യ പരിപാലന മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി പദ്ധതി ആവിഷ്കരിച്ചു. എമിറേറ്റിലെ ആശുപത്രികളില്‍ സ്വദേശി ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും എണ്ണം കൂട്ടാനാണ് തീരുമാനം. ഇതിനായി സ്വദേശി യുവാക്കളെ സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പില്‍ പഠിപ്പിക്കും. മലയാളി നഴ്സുമാര്‍ അടക്കമുള്ള പ്രവാസി ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാകും.
പ്രതിവര്‍ഷം 130 സ്വദേശികളെ സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പില്‍ വൈദ്യ മേഖലയില്‍ വിവിധ കോഴ്സുകളില്‍ ചേര്‍ക്കാനാണ് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ പദ്ധതി. നിലവില്‍ ദുബൈയിലെ നഴ്സുമാരില്‍ ഒരു ശതമാനവും പാരാമെഡിക്കല്‍ ജീവനക്കാരില്‍ 14 ശതമാനവും മാത്രമാണ് സ്വദേശികള്‍. സ്വദേശി ഡോക്ടര്‍മാരുടെ എണ്ണം 27 ശതമാനമാണ്. സ്കൂളുകളും സര്‍വകലാശാലകളും കേന്ദ്രീകരിച്ച് കാമ്പയിന്‍ നടത്തി സ്വദേശി യുവാക്കളെ വൈദ്യ മേഖലയിലേക്ക് ആകര്‍ഷിക്കുമെന്ന് ഡി.എച്ച്.എ ഹ്യൂമന്‍ റിസോഴ്സസ് വിഭാഗം ഡയറക്ടര്‍ അംന അല്‍ സുവൈദി പറഞ്ഞു. നിലവില്‍ സ്വദേശി യുവാക്കള്‍ വൈദ്യമേഖലയില്‍ നിന്ന് അകന്നുനില്‍ക്കുകയാണ്. ദീര്‍ഘകാലം പഠനം നടത്തേണ്ടിവരുന്നുവെന്നതാണ് ഇതിനുള്ള പ്രധാന കാരണം.
അടുത്ത അധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കും. ഡി.എച്ച്.എ വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴിയായിരിക്കും അപേക്ഷകള്‍ സ്വീകരിക്കുക. നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകളില്‍ ചേരുന്നവരുടെ മുഴുവന്‍ ട്യൂഷന്‍ ഫീസും സര്‍ക്കാര്‍ വഹിക്കും. നിലവില്‍ വൈദ്യപഠനത്തിന് 89,000 ദിര്‍ഹവും നഴ്സിങ് പഠനത്തിന് 46,500 ദിര്‍ഹവും പാരാമെഡിക്കല്‍ പഠനത്തിന് 36,200 ദിര്‍ഹവുമാണ് ചെലവ് വരുന്നത്. മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കും. പഠനത്തിന് ശേഷം ഡി.എച്ച്.എ ആശുപത്രികളിലും ക്ളിനിക്കുകളിലും ജോലി ഉറപ്പാക്കും. അതേസമയം, ആരോഗ്യ പരിപാലന മേഖലയിലെ സ്വദേശിവത്കരണം മലയാളികള്‍ അടക്കമുള്ള ഉദ്യോഗാര്‍ഥികളുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും. നിലവില്‍ ദുബൈയിലെ നഴ്സുമാരില്‍ ഭൂരിപക്ഷവും മലയാളികളാണ്.