സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഹാജിമാര്‍ ഇന്ന് യാത്ര തിരിക്കും
ഒക്ടോബര്‍ പതിനാലിനാണ് കൊച്ചിയിലേക്കുള്ള അവസാന ഹജ്ജ് വിമാനം.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തിയ തീര്‍ഥാടകരുടെ മടക്ക യാത്ര ഇന്ന് ആരംഭിക്കും. രാവിലെ മദീനയില്‍ നിന്നും സൌദി എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര തിരിക്കുന്ന ആദ്യ സംഘം വൈകീട്ട് നാലിന് നെടുമ്പാശ്ശേരിയിലെത്തും. ഒക്ടോബര്‍ പതിനാലിനാണ് കൊച്ചിയിലേക്കുള്ള അവസാന ഹജ്ജ് വിമാനം.
നാനൂറ്റി അമ്പത് ഹാജിമാരടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച മദീനയില്‍ നിന്നും കൊച്ചിയിലേക്ക് തിരിക്കുക. രാവിലെ എട്ട് പത്തിനാണ് അമീര്‍ മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്കുള്ള സൌദി എയര്‍ലൈന്‍സ് വിമാനം യാത്ര തിരിക്കുക. ഹജ്ജിന് ശേഷം മദീനയില്‍ നിന്നുള്ള ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ വിമാനം കൂടിയാണിത്.
പുലര്‍ച്ചെ ഒരു മണിയോടെ ഹാജിമാര്‍ താമസ സ്ഥലങ്ങളില്‍ നിന്നും ഒമ്പത് ബസ്സുകളിലായി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട് തുടങ്ങും. മൂന്ന് വളണ്ടിയര്‍മാരും സംഘത്തിലുണ്ട്. തീര്‍ഥാടകരുടെ ലഗേജുകള്‍ ഇന്ന് രാവിലെ തന്നെ വിമാന കമ്പനി അധികൃതര്‍ റൂമുകളില്‍ നിന്ന് ശേഖരിക്കും.
എല്ലാ തീര്‍ഥാടകരുടെയും ലഗേജുകള്‍ ഇങ്ങനെ ഇരുപത്തി നാല് മണിക്കൂര്‍ മുമ്പ് ശേഖരിക്കും. രണ്ട് ബാഗുകളിലായി നാല്‍പത്തി നാല് കിലോയാണ് തീര്‍ഥാടകര്‍ക്ക് അനുവദിച്ച ബാഗേജ്. ഹാജിമാര്‍ക്കുള്ള അഞ്ച് ലിറ്റര്‍ സംസം വെള്ളം ഇതിനകം കൊച്ചിയിലെത്തിച്ചുണ്ട്. അടുത്ത മാസം പതിനാലിനാണ് അവസാന ഹജ്ജ് വിമാനം.
തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.