കുവൈത്ത് ചുട്ടുപൊള്ളുന്നു
അറേബ്യ, ഇറാഖിന്റെ ദക്ഷിണ ഭാഗങ്ങൾ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ ചൂട് അനുഭവപ്പെടുമെന്നു കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി
കുവൈത്തിൽ വേനൽ കനക്കുന്നു. കുവൈത്തിന് പുറമെ സൗദി അറേബ്യ, ഇറാഖിന്റെ ദക്ഷിണ ഭാഗങ്ങൾ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ ചൂട് അനുഭവപ്പെടുമെന്നു കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . നിർജ്ജലീകരണം തടയാൻ മുൻകരുതൽ എടുക്കണമെന്നും നിർദേശമുണ്ട്.
അടുത്ത ഏതാനും ദിവസങ്ങളിൽ രാജ്യത്ത് ചൂട് 65 ഡിഗ്രിയോളം ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. പകൽ പത്തിനും നാലിനും ഇടക്ക് സൂര്യതാപം നേരിട്ടേൽക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. നിർജ്ജലീകരണം സംഭവിക്കാതിരിക്കാൻ വെള്ളവും പാനീയങ്ങളും ധാരാളമായി കുടിക്കണമെന്നും കാലാവസ്ഥ നിരീക്ഷകൻ ഈസ റമദാൻ നിർദേശിച്ചു . കഴിഞ്ഞ വെള്ളിയാഴ്ചമുതൽ 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില . തൊഴിൽ മന്ത്രാലയം മധ്യാഹ്ന ജോലി വിലക്ക് പ്രഖ്യാപിച്ചത് കൺസ്ട്രക്ഷൻ മേഖലയിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ് . ഉച്ച വിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പാക്കാൻ അധികൃതർ നിരീക്ഷണം തുടരുന്നുണ്ട് ചിലയിടങ്ങളിൽ ഉച്ചനേരങ്ങളിൽ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . നിയമം നിലവിൽ വന്ന ജൂണിൽ 56 ഇടങ്ങളിലാണ് നിയമം ലംഘിച്ച് ഉച്ചനേരങ്ങളിൽ ജോലി ചെയ്യിപ്പിച്ചതായി കണ്ടെത്തിയത്.തൊഴിലുടമകൾക്ക് പുറമെ പരിശോധന സമയത്ത് ഈ സ്ഥലങ്ങളിലുണ്ടായിരുന്ന 132 തൊഴിലാളികൾക്കെതിരെയും നടപടിയുണ്ടാകുമെന്നു മാൻപവർ അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടർ അബ്ദുല്ല അൽ മുതൗതിഹ് പറഞ്ഞു.