ഭിക്ഷാടനത്തിനെതിരെ കടുത്ത നടപടിയെന്ന് കുവൈത്ത്

Update: 2018-05-12 00:14 GMT
Editor : admin
ഭിക്ഷാടനത്തിനെതിരെ കടുത്ത നടപടിയെന്ന് കുവൈത്ത്
Advertising

യാചനക്കെതിരെ കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദേശ രാജ്യങ്ങളില്‍നിന്ന് യാചനക്കായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

യാചനക്കെതിരെ കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദേശ രാജ്യങ്ങളില്‍നിന്ന് യാചനക്കായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. യാചകരെ പ്രോത്സാഹിപ്പിക്കരുതെന്നും പൊലീസില്‍ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

റമദാന്‍ തുടങ്ങിയ ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേരെയാണ് ഭിക്ഷാടനത്തിന്റെ പേരില്‍ പിടികൂടിയത് . കൂടുതലും സ്ത്രീകളാണ് പള്ളികവാടങ്ങളിലും മറ്റും ഭിക്ഷയാചിച്ചതിന്റെ പേരില്‍ അകത്തായത്. പിടിയിലായവരില്‍നിന്നെല്ലാം വന്‍ തുകകള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് ആവര്‍ത്തിച്ചത്. യാചന രാജ്യത്തിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും വിശ്വാസത്തിനും എതിരാണെന്നും അധ്വാനത്തിലൂടെ പണം സമ്പാദിക്കാനാണ് മതം നിര്‍ദേശിക്കുന്നതെന്നും ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദ് പറഞ്ഞു. കുറുക്കുവഴിയിലൂടെ പണം സമ്പാദിക്കാന്‍ ശ്രമിക്കുന്ന വിദേശികളെ നാടുകടത്തും. ആരെങ്കിലും യാചന നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 112 എന്ന നമ്പറില്‍ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. യാചകരെ പിടികൂടുന്നതിനുവേണ്ടി ഇഖാമ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കീഴില്‍ പ്രത്യേക പരിശോധക സംഘം നിരീക്ഷണം നടത്തുന്നുണ്ട്. യാചകരെ പിടികൂടിയാല്‍ അവരുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും നടപടി ഉണ്ടാകും. സ്‌പോണ്‍സര്‍ഷിപ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണ് നേരിടേണ്ടി വരിക. കുടുംബ വിസയിലോ മറ്റു സന്ദര്‍ശക വിസയിലോ എത്തിയവരാണെങ്കിലും യാചന നടത്തിയവരുടെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കായിരിക്കും. ഭാവിയില്‍ ഇത്തരം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുതരത്തിലുള്ള വിസയും അനുവദിക്കുന്നതല്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഈ തീരുമാനം പൊതുനന്മ ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണെന്നും പരിശുദ്ധ മാസത്തെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News