ഇറാഖിന്‍റെ യുദ്ധ നഷ്ടപരിഹാരത്തുകയ്ക്ക് കുവൈത്ത് സാവകാശം അനുവദിച്ചു

Update: 2018-05-12 12:48 GMT
Editor : Subin
ഇറാഖിന്‍റെ യുദ്ധ നഷ്ടപരിഹാരത്തുകയ്ക്ക് കുവൈത്ത് സാവകാശം അനുവദിച്ചു
Advertising

നഷ്ടപരിഹാരത്തിന്‍റെ ബാക്കി ഭാഗം നല്‍കാന്‍ 2018 ജനുവരി വരെയാണ് കുവൈത്ത് ഇറാഖിന് സമയം നീട്ടി നല്‍കിയത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സാവകാശം നല്‍കണമെന്ന അപേക്ഷയുമായി ഇറാഖ് ധനമന്ത്രി ഹോഷിയാര്‍ സബരി കഴിഞ്ഞ മാസം കുവൈത്ത് സന്ദര്‍ശിച്ചിരുന്നു.

യുദ്ധ നഷ്ടപരിഹാര വകയില്‍ ഇറാഖില്‍നിന്ന് ലഭിക്കേണ്ട ബാക്കിയുള്ള തുകക്ക് കുവൈത്ത് സാവകാശം അനുവദിച്ചു. നഷ്ടപരിഹാരത്തിന്‍റെ ബാക്കി ഭാഗം നല്‍കാന്‍ 2018 ജനുവരി വരെയാണ് കുവൈത്ത് ഇറാഖിന് സമയം നീട്ടി നല്‍കിയത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സാവകാശം നല്‍കണമെന്ന അപേക്ഷയുമായി ഇറാഖ് ധനമന്ത്രി ഹോഷിയാര്‍ സബരി കഴിഞ്ഞ മാസം കുവൈത്ത് സന്ദര്‍ശിച്ചിരുന്നു.

അമീറുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് നഷ്ടപരിഹാര കുടിശ്ശിക നല്‍കുന്നതില്‍ സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഹോഷിയാര്‍ സബരിയുമായുള്ള കൂടിക്കാഴ്ചക്കിടെ ഇറാഖിലെ കുവൈത്തിന്‍െറ അംബാസഡര്‍ ഗസ്സാന്‍ അല്‍സവാവിയാണ് രാജ്യത്തിന്‍െറ തീരുമാനം ഒൗദ്യോഗികമായി അറിയിച്ചത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തുടരുന്ന സുഹൃദ് ബന്ധം കണക്കിലെടുത്ത് എണ്ണവിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക സാഹചര്യവും ഐ.എസിനെതിരെ തുടരുന്ന യുദ്ധ സാഹചര്യവും പരിഗണിച്ചാണ് നഷ്ടപരിഹാരം അടച്ചുതീര്‍ക്കാന്‍ ഇറാഖിന് സമയം നീട്ടിനല്‍കിയതെന്ന് ഗസ്സാന്‍ അല്‍സവാവി പറഞ്ഞു.

നഷ്ടപരിഹാരവകയില്‍ ഇനി കുവൈത്തിന് ലഭിക്കാനുള്ളത് 460 കോടി ഡോളറാണ്. ഇത് ഈ വര്‍ഷാവസാനത്തോടെ നല്‍കേണ്ടതായിരുന്നു. സദ്ദാം ഹുസൈന്‍റെ സൈന്യം രണ്ട് പതിറ്റാണ്ട് മുമ്പ് അധിനിവേശം നടത്തിയതിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായി കുവൈത്തിന് ഇറാഖ് 5240 കോടി ഡോളര്‍ നല്‍കണമെന്ന് ഐക്യരാഷ്ട്രസഭയാണ് തീരുമാനിച്ചത്. യു.എന്‍ നഷ്ടപരിഹാര കമ്മിഷന്‍ (യു.എന്‍.സി.സി) വഴിയാണ് നഷ്ടപരിഹാരം കൈമാറ്റം ചെയ്തിരുന്നത്.

ഏഴുമാസം നീണ്ടുനിന്ന അധിനിവേശത്തിനിടെ കുവൈത്തിലെ എഴുനൂറോളം എണ്ണക്കിണറുകളാണ് ഇറാഖ് തീയിട്ട് നശിപ്പിച്ചത്. അധിനിവേശത്തില്‍നിന്ന് മോചനം നേടിയിട്ടും മാസങ്ങളോളം തീ അണക്കാന്‍ പറ്റാത്തവിധമായിരുന്നു പല എണ്ണക്കിണറുകളും. ഇതുകൂടാതെ ഇറാഖ് സൈന്യം കുവൈത്തില്‍ നിന്ന് വിലപിടിപ്പുള്ള പല വസ്തുക്കളും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. കുവൈത്ത് എയര്‍വേയ്സിന്‍റെ വിമാനങ്ങള്‍ വരെ ഇറാഖ് സൈന്യം നശിപ്പിക്കുകയും കടത്തിക്കൊണ്ടുപോവുകയും ചെയ്തിരുന്നു.

ഇറാഖ് എണ്ണവില്‍പനയിലൂടെ നേടുന്ന തുകയുടെ 30 ശതമാനമാണ് ആദ്യഘട്ടത്തില്‍ കുവൈത്തിന് ലഭിച്ചിരുന്നത്. പിന്നീട് ഇത് 25 ശതമാനമാക്കി കുറക്കുകയും സദ്ദാം ഹുസൈന്‍ ഭരണത്തിന്‍െറ അന്ത്യത്തിനുശേഷം ഇത് അഞ്ചുശതമാനമാക്കുകയും ചെയ്തു. ഒരുവര്‍ഷം മുമ്പ് ലഭിച്ച ഗഡുവോടെ ഇതുവരെ 4780 കോടി ഡോളര്‍ ഇറാഖ് കുവൈത്തിന് നഷ്ടപരിഹാര ഇനത്തില്‍ നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ള 460 കോടി ഡോളര്‍ ആണ് നിലവില്‍ കുടിശ്ശികയായുള്ളത്.

നേരത്തെ പല ഘട്ടങ്ങളിലായാണ് ഇറാഖ് കുവൈത്തിന് നഷ്ടപരിഹാര തുക നല്‍കികൊണ്ടിരുന്നത്. ഇനി അടച്ചുതീര്‍ക്കാനുള്ള തുക മുഴുവന്‍ ഒഴിവാക്കിത്തരണമെന്ന ആവശ്യവും ഇടക്ക് ഇറാഖ് ഉന്നയിച്ചിരുന്നു. എന്നാല്‍ ആവശ്യമെങ്കില്‍ സമയം നീട്ടി തരാമെന്നും രാജ്യത്തിന്‍െറ അവകാശമായ നഷ്ടപരിഹാരം ഒഴിവാക്കുന്ന പ്രശ്നമില്ളെന്നും കുവൈത്ത് വ്യക്തമാക്കിയതോടെയാണ് ഇറാഖ് സാവകാശം ആവശ്യപ്പെട്ടത്

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News