കുവൈത്തിലെ സമാധാന ചര്‍ച്ച വഴിമുട്ടി

Update: 2018-05-13 07:55 GMT
Editor : Jaisy
കുവൈത്തിലെ സമാധാന ചര്‍ച്ച വഴിമുട്ടി
Advertising

റമദാന് ശേഷം പുനരാരംഭിച്ച ചര്‍ച്ചകള്‍ പുരോഗതിയിലത്തെുമെന്ന പ്രതീക്ഷക്കിടെയാണ് വിമതർ സമാന്തര സർക്കാരിന് രൂപം നൽകിയത്

യെമനിൽ മുന്‍ പ്രസിഡന്റ് അബ്ദുല്ല അല്‍ സാലിഹിനെ പിന്തുണക്കുന്നവരും ഹൂതി വിമതരും ചേര്‍ന്ന് പ്രത്യേക ഭരണസമിതി രൂപവത്കരിച്ചതോടെ കുവൈത്തിൽ നടന്നു വന്ന സമാധാന ചർച്ച വഴി മുട്ടി . റമദാന് ശേഷം പുനരാരംഭിച്ച ചര്‍ച്ചകള്‍ പുരോഗതിയിലത്തെുമെന്ന പ്രതീക്ഷക്കിടെയാണ് വിമതർ സമാന്തര സർക്കാരിന് രൂപം നൽകിയത്.

ഒരു വർഷത്തിലേറെയായി യെമനിൽ തുടരുന്ന രാഷ്ട്രീയ അസ്ഥിരതക്കും ആഭ്യന്തര സംഘർഷത്തിനും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യ രാഷ്ട്ര സഭ സമാധാനചർച്ചക്ക് മുന്നിട്ടിറങ്ങിയത് ഏപ്രിൽ 20 നു ആരംഭിച്ച ചർച്ച ഇടയ്ക്ക് രണ്ടു തവണ തടസപ്പെട്ടിരുന്നെങ്കിലും ഫലപ്രാപ്തിയിൽ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഐക്യ രാഷ്ട്ര സഭയും ആതിഥേയരായ കുവൈത്തും. ചര്‍ച്ചയുടെ ആദ്യഘട്ടം വിജയകരം എന്നായിരുന്നു ഐക്യ രാഷ്ട്ര സഭയുടെ വിലയിരുത്തൽ. യെമൻ സർക്കാർ പ്രതിനിധികളും മുന്‍ പ്രസിഡന്റ് അബ്ദുല്ല അല്‍ സാലിഹിനെ പിന്തുണക്കുന്നവരും ഹൂതി വിമതരും ആയിരുന്നു ചർച്ചയിൽ പങ്കെടുത്തിരുന്നത്. ഐക്യ രാഷ്ട്ര സഭയുടെ പ്രത്യേക ദൂതൻ ഇസ്മായിൽ വലദ് ശൈഖിന്റെ മധ്യസ്ഥതയിലായിരുന്നു സമാധാന ചർച്ച . മൗറിത്താനായയിൽ നടന്ന അറബ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം കഴിഞ്ഞ ദിവസം കുവൈത്തിൽ തിരിച്ചെത്തിയ ഇദ്ദേഹം ചർച്ചകൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് സൂചന നൽകിയിരുന്നു. ഇതിനിടെയാണ് വിമത വിഭാഗങ്ങൾ സമാന്തര സർക്കാരിന് രൂപം നൽകിയത്.

സമാധാനശ്രമങ്ങളെ അട്ടിമറിച്ചു കൊണ്ട് ഹൂതികളും സാലിഹ് പക്ഷക്കാരും തമ്മിലുണ്ടാക്കിയ ധാരണ ആത്മഹത്യാപരവും യമന്റെ ഭാവിയെ കൂടുതല്‍ ആശങ്കയിലാക്കുന്നതുമാണെന്ന് ഇസ്മായിൽ വലദ് ഷെയ്ഖ് അഭിപ്രായപ്പെട്ടു. യമന്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ 2216 ാനം നമ്പര്‍ കരാറിന്റെ ലംഘനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വന്ന ഭരണകൂടത്തെയും ഭരണഘടനയെയും അട്ടിമറിക്കുന്ന നിലപാടാണിതെന്ന് യമന്‍ വിദേശകാര്യമന്ത്രി അബ്ദുല്‍ മലിക് അല്‍ മുഖല്ലാഫി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇനി ചർച്ചക്കില്ലെന്നും ശനിയാഴ്ച തങ്ങള്‍ കുവൈത്ത് വിടുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News