മറ്റുരാജ്യക്കാരായ പ്രവാസികളെ കൂടി പങ്കാളിയാക്കി ഖത്തര്‍ ലേബര്‍ ക്യാമ്പില്‍ സ്വാതന്ത്രദിനാഘോഷം
കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരാണ് വ്യത്യസ്തമായ ആഘോഷത്തിന് വേദിയൊരുക്കിയത്.
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മറ്റുരാജ്യക്കാരായ പ്രവാസികളെ കൂടി പങ്കാളികളാക്കിയിരിക്കുകയാണ് ഖത്തറിലെ ഒരു ലേബര്‍ക്യാമ്പിലെ ഇന്ത്യന്‍ തൊഴിലാളികള്‍. കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരാണ് വ്യത്യസ്തമായ ആഘോഷത്തിന് വേദിയൊരുക്കിയത്.
70 ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായാണ് സൈലിയയിലെ ജി ആര്‍ സി മാസ്റ്റര്‍ ലേബര്‍ ക്യാമ്പിലെ ഈ നേപ്പാള്‍ പ്രവാസികള്‍ നൃത്തം വെക്കുന്നത്. ക്യാമ്പിലെ ഇന്ത്യക്കാരുടെ മേല്‍നോട്ടത്തില്‍ നടന്ന സ്വാതന്ത്യദിനാഘോഷപരിപാടികളില്‍ ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ അയല്‍രാജ്യക്കാരായ സഹപ്രവര്‍ത്തകരുടെ സഹകരണവും ഇവര്‍ ഉറപ്പു വരുത്തിയിരുന്നു.
സാംസ്‌കാരിക വൈവിധ്യങ്ങള്‍ വിളിച്ചോതുന്ന കലാപ്രകടനങ്ങളും നാടന്‍ കളികളുമായി ലേബര്‍ ക്യാമ്പിലെ സഹജീവികള്‍ക്ക് ആഘോഷിക്കാന്‍ വേദിയൊരുക്കിയത് കള്‍ച്ചറല്‍ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിയാണ്. സംസ്ഥാന പ്രസിഡന്റ് താജ് ആലുവയും വൈസ് പ്രസിഡന്റ് തോമസ് സക്കറിയയും ക്യാമ്പ് അധികൃതരും പരിപാടിയില്‍ സംസാരിച്ചു.